
കാസർകോട്: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സാമ്പ്രാദായിക പഠന രീതികള്‍ക്കും കോഴ്‌സുകള്‍ക്കും പുറമേ യുവജനങ്ങള്‍ തൊഴില്‍ നൈപുണ്യ പരിശീലനം നേടണമെന്നും എല്ലാവര്‍ക്കും തൊഴില്‍ അവസരം നല്‍കുന്നതാണ് സര്‍ക്കാര്‍ നയമെന്നും തുറമുഖം, മ്യൂസിയം, പുരാവസ്തു , പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, കാസര്‍കോട് ജില്ലാ ഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ് ജില്ലാനൈപുണ്യ സമിതി എന്നിവയുമായി ചേര്‍ന്ന് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിലരങ്ങ് 2022 മെഗാ ജോബ് ഫെയര്‍ കാസര്‍കോട് ഗവ.കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എല്ലാവര്‍ക്കും തൊഴില്‍ അവസരമൊരുക്കുക എന്ന സര്‍ക്കാര്‍ നയത്തിൻ്റെ ഭാഗമായാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ പ്രചുര പ്രചാരം നേടിയ സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് തൊഴില്‍ കണ്ടെത്താന്‍ അവസരമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സങ്കല്പ്പദ്ധതിയിലൂടെ ഉദ്യോഗ ദായകരേയും ഉദ്യോഗാര്‍ത്ഥികളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് നവകേരള നിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. മികവുറ്റ പ്രതിഭകളായി മാറാന്‍ സാധിക്കണം.തൊഴില്‍ നൈപുണ്യം നേടാനും വിജ്ഞാന സമ്പാദനത്തിനും സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടത്തിവരുന്നു. സാമ്പ്രദായിക പഠന രീതികള്‍ക്കു പുറമേ തൊഴില്‍ പ്രാവീണ്യം നേടുകയാണ് പ്രധാനം. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പരീക്ഷ എഴുതാനുള്ള സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് മെഗാ തൊഴില്‍മേള നടത്തുന്നത്.
തൊഴിലും നൈപുണ്യവികസനവും വകുപ്പ് സംസ്ഥാനത്ത് നിരവധി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ച് തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ്. ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും അഭിരുചിക്കിണങ്ങുന്ന തൊഴില്‍ ലഭിക്കാന്‍ അവസരമുണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ കെ. സവിത , , കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. കെ ഹരിക്കുറുപ്പ്, കെ.എ.എസ്.ഇ ജില്ലാ കോര്‍ഡിനേറ്റര്‍ നിധിന്‍ എം.ജി എന്നിവര്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ് മായ നന്ദിയും പറഞ്ഞു.
