
കാസര്‍കോട്: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശ പ്രകാരം കാഴ്ച പരിമിതർക്ക് ബ്രെയ് ലി ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയതായി കാസർകോട് മണ്ഡലം വരണാധികാരി അറിയിച്ചു. കാഴ്ച പരിമിതിയുള്ള വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ബ്രെയ് ലി ഷീറ്റ് ലഭ്യമാക്കും.

ബ്രെയ് ലി ഷീറ്റിൽ സ്ഥാനാർത്ഥിയുടെ പേരും പ്രതിനിധീകരിക്കുന്ന പാർട്ടിയുടെ പേരും ബ്രെയ് ലി ലിപിയിൽ ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ഇ.വി.എം ബാലറ്റ് ക്രമത്തിൽ രേഖപ്പെടുത്തിയിരിക്കും. ഈ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം വോട്ടിങ് കമ്പാർട്ട്മെന്റിലേക്ക് ചെന്ന് ഇ.വി.എം മെഷീനിൽ വലതു ഭാഗത്തായി രേഖപ്പെടുത്തിയ ക്രമനമ്പർ പ്രകാരം ബട്ടൺ അമർത്തി വോട്ട് ചെയ്യാം.
