
ജില്ലയിലെ വില്ലേജ് ഓഫീസർമാർ ഉൾപ്പെടെ റവന്യൂ വിഭാഗത്തിലെ വിവിധ തസ്‌തികയിലുള്ള ജീവനക്കാർക്ക് വിജിലൻസ് ബോധവത്കരണ ക്ലാസ്സ് നടത്തി. സംസ്ഥാന ഗവൺമെണ്ട് നടപ്പിലാക്കി വരുന്ന വിജിലൻസ് വാരാഘോഷത്തിൻ്റെ ഭാഗമായി കാസർഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചത്. അഴിമതി മുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിനായി ഓരോ ഉദ്യോഗസ്ഥരും തൻ്റെ ജീവിതത്തിൽ സംശുദ്ധത പാലിക്കാൻ ബാധ്യസ്ഥരാണ് എന്ന കാര്യത്തിൻ്റെ പ്രാധാന്യം ക്ലാസിൽ അവതരിപ്പിച്ചു.
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അഴിമതി. വിവിധ സർക്കാരുകൾ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ അതിൻ്റെ ലക്ഷ്യം കാണാതെ പോകുന്നത് നടപ്പിലാക്കുന്ന വേളയിൽ വിവിധ ഘട്ടങ്ങളിൽ സർക്കാർ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സംഭവിക്കുന്ന അലംഭാവവും കൃത്യവിലോപവും അഴിമതിയും ആണ്.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ നിരന്തരമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
അഴിമതിയിൽ അകപ്പെട്ടു പോകുന്ന ഉദ്യോഗസ്ഥരുടെ പിന്നീടുള്ള ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തങ്ങളെ കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായി ബോധ്യമാകും വിധമാണ് ക്ലാസ്. ഓരോരുത്തർക്കും ലഭ്യമാകുന്ന മാസശമ്പളത്തിൽ ജീവിതം ആസൂത്രണം ചെയ്‌തത് അധിക ചെലവും ദുർവ്യയവും കുറച്ചു കൊണ്ട് വരേണ്ടതിൻ്റെ പ്രാധാന്യത്തെ ക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു. വിജിലൻ ഡി.വൈ.എസ്.പി വി.കെ വിശ്വംഭരൻ നായരുടെ സാന്നിധ്യത്തിൽ വിജിലൻസ് ഇൻസ്പെക്ടർ സുനുമോൻ കേശവനാണ് ക്ലാസ്സ് കൈകാര്യം ചെയ്‌തത്.
