
കാസർഗോഡ്: ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുൻസിപ്പാലിറ്റിയിലെ നീലേശ്വരം വില്ലേജിലെ തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ചു കരിമരുന്ന് പ്രയോഗത്തിനിടെ വൻ അപകടം. പടക്കം സൂക്ഷിച്ചിരുന്ന ഷെഡിലേക്ക് തീപിടിച്ചതാണ് ഉഗ്ര സ്‌പോടനത്തിന് കാരണം. ആയിരക്കണക്കിന് ഭക്തർ തടിച്ചുകൊടിയ സമയത്തായിരുന്നു രാത്രി 12 മണിക്ക് ശേഷം അപകടം. പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 154 പേർ ചികിത്സ തേടി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി 16 പേർ ചികിത്സയിലുണ്ട്. മാവുങ്കൽ സഞ്ജീവനി ആശുപത്രി പത്ത്, പരിയാരം മെഡിക്കൽ കോളേജ് അഞ്ചുപേർ. കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രി 17 പേർ. കാഞ്ഞങ്ങാട് അരിമല ആശുപത്രി 3 പേർ, മിംസ് ആശുപത്രി കണ്ണൂർ 18 പേർ, മിംസ് ആശുപത്രി കോഴിക്കോട് 2 പേർ, കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒന്ന്, ചെറുവത്തൂർ കെ.എച്ച് ആശുപത്രി 2, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5, മംഗലാപുരം എ.ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെ ആകെ 97 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


അപകട വിവരം അറിഞ്ഞയുടൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ
കണ്ണൂർ ഡി.ഐ.ജി രാജ് പാൽമീണ എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലത്തെത്തുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അടക്കമുള്ള ജനപ്രതിനിധികൾ അപകടം നടന്ന പ്രദേശം സന്ദർശിച്ചു. പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിക്കുന്നുണ്ട്. പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് സമീപം നിന്നിരുന്നവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊണ് അഞ്ഞൂറ്റമ്പലം വീരർക്കാവ്. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾക്ക് വീഴ്ച സംഭവിച്ചതായാണ് വിവരം. ആയിരകണക്കിന് ഭക്തർ ഒരുമിച്ച് കൂടുന്ന സ്ഥലത്തോട് ചേർന്ന് വെടിമരുന്ന് പുര ഒരുക്കിയതിൽ വലിയ വീഴ്ച സംഭവിച്ചു. വെടിക്കെട്ടിന് അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

