
ചെന്നൈ: ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍.വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ -3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്.
തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്.
ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എ.പി.ജെ അബ്ദുൾ കലാമിൻ്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യമായി ലഭിച്ചത് വളര്‍മതിക്ക് ആണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നൽകി ആദരിച്ചത്.

ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ. പി.വി വെങ്കിടകൃഷ്ണൻ സമൂഹ മാധ്യമമായ എക്സില്‍ വളര്‍മതിയെ അനുസ്മരിച്ചതിങ്ങനെ- “ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിൻ്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ -3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം സങ്കടം തോന്നുന്നു. പ്രണാമം”.
”ആദിത്യ എൽ-1 വിക്ഷേപണ സമയത്ത് ആ ശബ്ദം ഇല്ലാത്തത് ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി ഓഫീസിന് പുറത്താകുമെന്നാണ് കരുതിയത്. പക്ഷേ, ഈ ദുഃഖവാർത്ത പ്രതീക്ഷിച്ചത്. അവരെ ഒരുപാട് മിസ് ചെയ്യുന്നു. ഓം ശാന്തി”- സമൂഹ മാധ്യമമായ എക്സിൽ ഒരു ഉപയോക്താവ് കുറിച്ചു.
