
മലപ്പുറം: സിദ്ദിഖ് കാപ്പനെ കാശും കൊടുത്തു ഹത്രാസിലേക്ക് വിട്ട മലപ്പുറം സ്വദേശി കെ.പി കമാല്‍ അറസ്റ്റിലായി. മലപ്പുറത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ യു.പി പൊലീസ് സ്പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) അറസ്റ്റു ചെയ്തതായി യു.പി പൊലീസ് മേധാവി വെളിപ്പെടുത്തി. ഹത്രാസ് കലാപ ഗൂഡാലോചനയുടെ മുഖ്യ കണ്ണിയാണ് ഇയാള്‍. സിദ്ദിഖ് കാപ്പന്‍ പിടിയിലായതിന് തൊട്ടു പിന്നാലെ ഒളിവില്‍ പോയതാണിയാള്‍. ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിൻ്റെ ഹിറ്റ് സ്‌ക്വാഡുകളുടെ കമാന്‍ഡറും ഫണ്ട് വിതരണക്കാരനുമായിരുന്നു കെ.പി കമാല്‍ എന്ന് പോലീസ് കരുതുന്നു.

ഹത്രാസ് സംഭവത്തിനിടെ അക്രമം അഴിച്ചുവിടാന്‍ രഹസ്യയോഗം നടത്താന്‍ കമല്‍ ശബ്ദരേഖ അയച്ചതായി പോലീസ് കണ്ടെത്തി. സിദ്ദിഖ് കാപ്പൻ്റെ മൊബൈലില്‍ നിന്ന് കണ്ടെത്തിയ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കമാല്‍ കെ.പിക്ക് ലഖ്‌നൗവില്‍ നിന്നുള്ള മറ്റൊരു പി.എഫ്.ഐ അംഗമായ ബദറുദ്ദീനുമായും ബന്ധമുണ്ട്.
രാജ്യത്ത് സാമുദായിക കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ 2020 സെപ്തംബറില്‍ കേരളത്തില്‍ രഹസ്യ യോഗം സംഘടിപ്പിച്ചത് ഇയാളാണ്. സിദ്ദിഖ് കാപ്പനൊപ്പം ഹിറ്റ് സ്‌ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരും രഹസ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സിദ്ദിഖ് കാപ്പന്‍ സംഘത്തെ ഹത്രാസിലേക്ക് അയച്ച കമാല്‍ പിടിയിലായതോടെ ഹത്രാസ് ഗൂഡാലോചനയുടെ ചുരുളഴിയും. സിദ്ദിഖ് കാപ്പൻ്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതോടെ പുറത്തു വരും. കെ.പി കമാലിനൊപ്പം ചോദ്യം ചെയ്യാനായി കാപ്പനെ വീണ്ടും കസ്റ്റഡിയിൽ എടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
