സര്‍ക്കാരിന്‍റെ ലക്‌ഷ്യം തൊഴില്‍ രഹിതരില്ലാത്ത കേരളം: മന്ത്രി ഇ. പി ജയരാജന്‍

  • Post category:news
  • Reading time:1 min read
You are currently viewing സര്‍ക്കാരിന്‍റെ ലക്‌ഷ്യം തൊഴില്‍ രഹിതരില്ലാത്ത കേരളം: മന്ത്രി ഇ. പി ജയരാജന്‍

തൊഴില്‍ രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ ഇരിണാവില്‍ ആരംഭിച്ച വനിത വാള്‍ പുട്ടി നിര്‍മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇരുപത്തി ആറായിരത്തോളം പേര്‍ക്കാണ് വ്യവസായ വകുപ്പില്‍ തൊഴില്‍ നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.

വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് വനിതാ സഹകരണ സംഘങ്ങള്‍ വഴി വാള്‍ പുട്ടി നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ പെരളശ്ശേരിയിലും ഇരിണാവിലുമാണ് നിര്‍മാണ യൂണിറ്റുകള്‍ ആരംഭിച്ചത്. ഒരു യൂണിറ്റില്‍ 15 ഓളം വനിതകള്‍ക്ക് ജോലി നല്‍കാന്‍ സാധിക്കും. ഇരിണാവില്‍ തന്നെ ഒരു യൂണിറ്റ് കൂടി ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലകളിലും വാള്‍ പുട്ടി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചാല്‍ അതുവഴി 250 ഓളം വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ കഴിയും.

മുന്‍കാലങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ നേട്ടമാണ് വ്യവസായ വകുപ്പ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിന്‍റെ പാതയിലാണ് ട്രാവന്‍കൂര്‍, മലബാര്‍ സിമന്റ് കമ്പനികള്‍. 28 കോടിയോളം രൂപ ചെലവില്‍ നാടുകാണിയില്‍ ആരംഭിക്കുന്ന ഡൈയിംഗ് യൂണിറ്റ് നെയ്ത്ത് തൊഴിലാളികള്‍ക്ക് പുതുജീവന്‍ പകരും. ഇത്തരത്തില്‍ വ്യവസായ മേഖലയില്‍ സജീവ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടുവരുന്നത് – മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു.

വ്യവസായ വകുപ്പിന് കീഴിലുള്ള കോട്ടയം ട്രാവന്‍കൂര്‍ സിമന്റ്‌സിന്‍റെ സഹകരണത്തോടെയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ വാള്‍പ്പുട്ടി നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത്. ട്രാവന്‍കൂര്‍ സിമന്റ്‌സിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പത്തോളം യൂണിറ്റുകളാണ് തുടങ്ങുക.

0Shares