
മലപ്പുറം: കേരളത്തിൽ യു.ഡി.എഫ് തരംഗം ഉണ്ടാവുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലികുട്ടി. കോൺഗ്രസിന് തിരിച്ചറിവും അച്ചടക്കവും വന്നു. അധികാരത്തിലെത്തിയാൽ ഗ്രൂപ്പ് വടംവലി ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. ജനഹിതം മാനിക്കാതെ പോയാല്‍ ശരിയാവില്ലെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ട്. കാലം മാറിയതിന് അനുസരിച്ച് തിരിച്ചറിവ് വന്നു. പോളിങ്ങിന് മുന്‍പ് ഒരു തര്‍ക്കവും ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ഭംഗിയായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫിൻ്റെ തിരിച്ചു വരവ് ഇടത് ബി.ജെ.പി ക്യാമ്പുകള്‍ സമ്മതിച്ചുകഴിഞ്ഞു. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏകീകരണം ഉണ്ടായി. സര്‍ക്കാരിനെതിരെ വിരുദ്ധ വികാരം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തരംഗമുണ്ടെങ്കില്‍ ലീഗ് മത്സരിച്ച 27 സീറ്റിലും വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗുരുവായൂര്‍ എന്തായാലും ലീഗ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപമുഖ്യമന്ത്രി പദവി അടക്കം ചോദിച്ച് മുസ്ലിം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമെന്ന ആരോപണം ശരിയല്ല. ലീഗ് സമ്മര്‍ദം ഉണ്ടാക്കുമെന്ന് പറയുന്നത് എതിരാളികള്‍ ഉപയോഗിക്കുന്ന തന്ത്രം മാത്രമാണ്. അങ്ങനെ സമ്മര്‍ദ്ദം ചെലുത്തുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെറിറ്റ് നോക്കിയിട്ട് ലീഗ് പോകൂ. ലീഗിൻ്റെ തെരെഞ്ഞെടുപ്പ് പ്രചാരണ രീതി പ്രൊഫെഷനല്‍ ആണെന്ന് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
