യു.എ.ഇയുടെ ഡിജിറ്റല്‍ കാര്‍ഡ് ‘ജെയ്‌വാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് ഷേഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കി

  • Post category:Gulf / news / trending
  • Reading time:1 min read
You are currently viewing യു.എ.ഇയുടെ ഡിജിറ്റല്‍ കാര്‍ഡ് ‘ജെയ്‌വാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് ഷേഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കി

യു.എ.ഇയുടെ സ്വന്തം ഡിജിറ്റല്‍ കാർഡ് പേയ്മെണ്ട് സംവിധാനം ജെയ്‌വാൻ നിലവില്‍ വന്നു. ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെണ്ട് ഇന്‍റർഫെയ്‌സിൽ (UPI) ആണ് യു.എ.ഇയുടെ ഡിജിറ്റല്‍ പേയ്മെണ്ട് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയുടെ റൂപേ കാർഡാണ് ജെയ്‌വാൻ തയാറാക്കിയിരിക്കുന്നത്. ആദ്യ ജെയ്‌വാൻ കാർഡ് യു.എ.ഇ പ്രസിഡണ്ട് ഷേഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി.

സ്വന്തം പേരില്‍ ലഭിച്ച കാർഡ് ഉപയോഗിച്ച്‌ ഷേഖ് മുഹമ്മദ് ആദ്യ ഡിജിറ്റല്‍ പണമിടപാടും നടത്തി. ഡിജിറ്റല്‍ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രല്‍ ബാങ്കും കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ജെയ്‌വാൻ കാർഡുകള്‍ നിർമിക്കാൻ യു.എ.ഇ സെൻട്രല്‍ ബാങ്ക് കരാർ നല്‍കിയത് ഇന്ത്യയുടെ നാഷണല്‍ പേയ്മെണ്ട് കോർപറേഷനാണ്. ജെയ്‌വാൻ കാർഡ് ഉപയോഗിച്ച്‌ ഇന്ത്യയിലും റൂപേ കാർഡ് ഉപയോഗിച്ച്‌ യു.എ.ഇയിലും ഇനി മുതല്‍ പണമിടപാടുകള്‍ നടത്താം.

ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ ആനി (Aani) പേമെണ്ട് സംവിധാനവും അതിരുകളില്ലാതെ ഇരുരാജ്യങ്ങളിലും ഉപയോഗിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും ഉഭയകക്ഷി കരാർ തയാറാക്കി. ഫോണ്‍ നമ്പറിലേക്ക് വേഗത്തില്‍ പണം അയക്കാൻ സാധിക്കുന്ന സംവിധാനം അടക്കം അടങ്ങിയതാണ് ആനി പേമെണ്ട് സിസ്റ്റം.

ഊർജ മേഖലയിലെ പരസ്‌പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. ക്രൂഡിൻ്റെയും എല്‍.പി.ജിയുടെയും ഏറ്റവും വലിയ സ്രോതസ്സുകളില്‍ ഒന്നാണ് യു.എ.ഇ എന്നതിന് പുറമേ, ഇന്ത്യ ഇപ്പോള്‍ എല്‍.എൻ.ജിക്കായി ദീർഘകാല കരാറുകളില്‍ ഏർപ്പെടുകയാണ്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി യു.എ.ഇയിൽ എത്തിയത്. ബുധനാഴ്‌ച അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രം അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നതും പ്രധാന പരിപാടിയാണ്.

0Shares