
മംഗളൂരു: അവശനിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് യുവതികള്‍ മരിച്ചു. ബെല്‍ത്തങ്ങാടി പത്രമേ ഗ്രാമത്തില്‍ താമസിക്കുന്ന പട്ടുരു ബാബുവിൻ്റെ മകള്‍ രക്ഷിത (22), പട്ടരു ബാബുവിൻ്റെ അയല്‍വാസിയായ ശ്രീനിവാസ ആചാര്യയുടെ മകള്‍ ലാവണ്യ (21) എന്നിവരാണ് മരിച്ചത്. രക്ഷിത വ്യാഴാഴ്‌ച രാവിലെയും ലാവണ്യ ഉച്ചയോടെയുമാണ് മരിച്ചത്.
ഇവരില്‍ രക്ഷിതയുടെ മരണം വിഷം അകത്തു ചെന്നാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, ലാവണ്യയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രക്ഷിതയും ലാവണ്യയും ഗ്രാമവികസന പദ്ധതിയുടെ സേവന പ്രതിനിധികളായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഏപ്രില്‍ 4ന് ലാവണ്യയും രക്ഷിതയും അവശനിലയിൽ ആവുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും നെല്ല്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടുകാര്‍ ലാവണ്യയെ പുത്തൂരിൽ എത്തിക്കുകയും അവിടെ നിന്ന് സൂറത്ത്കല്ലിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നില അതീവ ഗുരുതരമായതോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
ലാവണ്യയും രക്ഷിതയും അടുത്ത സുഹൃത്തുക്കളാണ്. ഒന്നരവര്‍ഷം മുമ്പാണ് രക്ഷിത ജോലിയില്‍ പ്രവേശിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണോ അതോ മരണകാരണം മറ്റെന്തെങ്കിലുമാണോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.
