
സുള്ള്യ: സുള്ള്യക്കടുത്ത് സുബ്രഹ്‌മണ്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍പയ്ക്ക് സമീപം കെനിയയിലെ കങ്കല്‍ എന്ന സ്ഥലത്തുള്ള പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചും പതിനൊന്നും വയസുള്ള പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ബംഗളൂരുവിലെ എഞ്ചിനീയര്‍ ബല്‍പ കാങ്കല്‍ സ്വദേശി സതീഷ് അമ്മണ്ണായയുടെ മക്കളായ ഹമിസിത (15), അവന്തിക (11) എന്നിവരാണ് മരിച്ചത്.
സതീഷ് അമ്മണ്ണായ ബംഗളൂരുവിലാണ് സ്ഥിരതാമസമാക്കിയത്. കെനിയ കങ്കലിലുള്ള ഭര്‍ത്താവിൻ്റെ സഹോദരന്‍ ഉദയ് അമ്മണ്ണായയുടെ വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പെണ്‍മക്കളോടൊപ്പം സതീഷിൻ്റെ ഭാര്യ പോയിരുന്നു.

തിങ്കളാഴ്‌ച രാവിലെ ഉദയിൻ്റെ വീട്ടിലെത്തിയ പെണ്‍മക്കള്‍ വൈകിട്ട് വീടിന് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങി. ഈ സമയം കുടുംബാംഗങ്ങള്‍ കരയില്‍ ഇരിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ പെണ്‍കുട്ടികള്‍ പുഴയിലെ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. ഹമിസിതയെയും അവന്തികയെയും കാണാതായതോടെ വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു.
അഗ്നിശമന സേനയും പ്രാദേശിക മുങ്ങല്‍ വിദഗ്‌ധരും പുഴയില്‍ തിരച്ചില്‍ നടത്തി. രാത്രി ഏറെ വൈകി നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ സുബ്രഹ്‌മണ്യ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
