
തൃശൂര്‍: സെറ്റ് ടോപ്പ് ബോക്‌സില്ലാതെ ടെലിവിഷന്‍ കാണാം. ബി.എസ്.എന്‍.എല്ലിൻ്റെ ഡിജിറ്റല്‍ സംവിധാനമായ ഇൻ്റെര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനിലൂടെ (ഐ.പി.ടി.വി) ആണ്. ആന്‍ഡ്രോയിഡ് ടി.വിയില്‍ നേരിട്ടും മറ്റ് ടെലിവിഷനുകളില്‍ ആന്‍ഡ്രോയിഡ് സ്റ്റിക്ക്, ആന്‍ഡ്രോയിഡ് ബോക്‌സ്, ആമസോണ്‍ ഫയര്‍ സ്റ്റിക്ക് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചും സംവിധാനം ലഭ്യമാക്കാം.
ബി.എസ്.എന്‍.എല്ലിനൊപ്പം ഭൂമികയും സിനിസോഫ്റ്റും ചേര്‍ന്നാണ് സാങ്കേതിക വിദ്യ ഒരുക്കിയത്. ജില്ലയിലെ 42 ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിധിയില്‍ ബി.എസ്.എന്‍.എല്‍ നേരിട്ട് കൊടുത്തതോ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികള്‍ മുഖാന്തിരം കൊടുത്തതോ ആയ എല്ലാ ഭാരത് ഫൈബര്‍ കണക്‌ഷന്‍ വഴിയാണ് സൗകര്യം ലഭിക്കുക. സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃശൂർ ജില്ലയിലാണ്.

ബി.എസ്.എന്‍.എല്‍ ഐ.പി.ടി.വി
ബി.എസ്.എന്‍.എല്‍ ഫൈബര്‍ ഇൻ്റെ ര്‍നെറ്റ് കണക്‌ഷനൊപ്പം അധിക സേവനമായാണ് ഐ.പി.ടി.വി. ലഭ്യമാക്കുന്നത്. ഇൻ്റെര്‍നെറ്റ് ഉപയോഗിക്കാതെ ടെലിവിഷന്‍ കാണാന്‍ കഴിയുന്ന സാങ്കേതികവിദ്യ ആദ്യമായി നടപ്പാക്കുന്നത് ബി.എസ്.എന്‍.എല്ലാണ്. ട്രിപ്പിള്‍ പ്ലേ സര്‍വീസിലൂടെ ഒരേ സമയം ടെലിവിഷനും ഇൻ്റെര്‍നെറ്റും ടെലിഫോണും തടസമില്ലാതെ ഉപയോഗിക്കാം. എച്ച്.ഡി ചാനലുകളെന്നോ സാധാരണ ചാനലുകളെന്നോ വ്യത്യാസമില്ലാതെ ആസ്വദിക്കാം.
ടെലിവിഷനുമായി കേബിള്‍ വഴി ബന്ധം വരില്ല. ഉപഭോക്താവിൻ്റെ വീട്ടിലെ ബി.എസ്.എന്‍.എല്‍ ഇൻ്റെര്‍നെറ്റ് മോഡത്തില്‍ നിന്നുള്ള വൈഫൈ സിഗ്‌നല്‍ ലഭിക്കുന്ന എവിടെയും ഐ.പി.ടി.വി കാണാം. ഐ.പി.ടി.വി കൂടാതെ യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍ തുടങ്ങി ഇൻ്റെര്‍നെറ്റ് അധിഷ്ഠിതമായ എല്ലാ സംവിധാനവും ഉപയോഗിക്കാം.

ഇൻ്റെര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാതെയും വേഗത്തില്‍ കുറവ് വരാതെയും ഇൻ്റെര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഐ.പി.ടി.വിയും സംസാരിക്കാനുള്ള സൗകര്യവും ഒരേസമയം ലഭിക്കും.
ചെലവ്
153 രൂപ മുതല്‍ 400 രൂപ വരെയുള്ളതാണ് പാക്കേജ്. 153 രൂപയ്ക്ക് 161 ചാനലുകള്‍, 270 രൂപയുടെ എച്ച്.ഡി പാക്കേജില്‍ 201 ചാനലുകള്‍, 400 രൂപയുടെ എച്ച്.ഡി പാക്കേജില്‍ 223 ചാനലും ലഭിക്കും.
വിവരങ്ങള്‍ക്ക്: ‘IPTV’ എന്ന് 9400022440 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയക്കുക.
-വി.സുരേന്ദ്രന്‍, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍, ബി.എസ്.എന്‍.എല്‍
