ജാഗ്രതയോടെ കരുതിയിരിക്കണം; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതിന് പരിഹാരമാകും തുലാവര്‍ഷം, മുന്നറിയിപ്പുമായി റഡാര്‍ ഗവേഷണ വിഭാഗം

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ജാഗ്രതയോടെ കരുതിയിരിക്കണം; തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതിന് പരിഹാരമാകും തുലാവര്‍ഷം, മുന്നറിയിപ്പുമായി റഡാര്‍ ഗവേഷണ വിഭാഗം

കൊച്ചി: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതിന് പരിഹാരം തുലാവര്‍ഷം തീര്‍ക്കും. ഒക്‌ടോബര്‍- ഡിസംബര്‍ വരെ തുലാമഴ നല്ലതോതില്‍ പ്രതീക്ഷിക്കാമെന്ന്‌ കാലാവസ്‌ഥാ ഗവേഷകര്‍. മണ്‍സൂണ്‍ 20വരെ തുടരും. ഈ ആഴ്‌ച അവസാനം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദമാണ്‌ ഇതിന് കാരണം.

ഈ മാസം അവസാനത്തോടെയും അടുത്ത മാസം ആദ്യത്തോടെയും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കും. ഇത്‌ തുലാവര്‍ഷ പെയ്ത്തിന് തുടക്കമിടും. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ഇരട്ട ചക്രവാതച്ചുഴിയുടെ ഫലമായി ഇപ്പോള്‍ പെയ്യുന്ന മികച്ച മഴ രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി തുടര്‍ന്നശേഷം ദുര്‍ബലമാകും.

പിന്നീടും ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ഞായറാഴ്‌ച ആറു ജില്ലകള്‍ക്ക്‌ യെല്ലോ അലേര്‍ട്ടുണ്ട്‌. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലാണ്‌ അലേര്‍ട്ട്‌. തിങ്കളാഴ്‌ച ഇടുക്കി, മലപ്പുറം ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടാണ്‌.

പസഫിക്കിലെ എല്‍നിനോ പ്രതിഭാസം അത്ര ശക്‌തമല്ലാത്തതും അറബിക്കടലില്‍ മഴക്ക് കാരണമാകുന്ന ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (കടലിലെ അന്തരീക്ഷത്തിലെ താപ വ്യതിയാനം) മഴയ്‌ക്ക്‌ അനുകൂലമായ നിലയിലേക്ക്‌ എത്തുന്നതുമാണ്‌ തുലാവര്‍ഷത്തിന് തുണയാകുന്നതെന്ന്‌ കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ വിഭാഗം ഡയറക്‌ടര്‍ ഡോ. എസ്‌.അഭിലാഷ്‌ വ്യക്‌തമാക്കുന്നു.

തുലാവര്‍ഷ പെയ്‌ത്തോടെ ഇതുവരെയുള്ള മഴക്കുറവ്‌ ഒരു പരിധിയോളം പരിഹരിക്കപ്പെടുമെന്നാണ്‌ അനുമാനം. ഇന്നലെവരെ 43 ശതമാനമാണ്‌ സംസ്‌ഥാനത്തെ മണ്‍സൂണ്‍ മഴയിലുണ്ടായ കുറവ്‌. 1837.1 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്‌ഥാനത്ത്‌ കിട്ടിയത്‌ 1048.3 മില്ലീമീറ്റര്‍.

0Shares