
കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന സുനാമി ഇറച്ചിയുടെ (ചത്ത കോഴിയുടെ ഇറച്ചി) വിൽപന കോട്ടയത്തും വ്യാപകമെന്ന് രഹസ്യവിവരം. ചത്തവയെ സൗജന്യമായാണ് കച്ചവടക്കാര്‍ക്ക് ലഭിക്കുന്നത്. ഇവ ജീവനുള്ളവയ്‌ക്കാപ്പം ലോറികളില്‍ കേരളത്തിലെത്തിക്കും. മുകള്‍ തട്ടിലെ ഇരുമ്പുകൂടുകളില്‍ ജീവനുള്ള കോഴികളും മദ്ധ്യത്തില്‍ ചത്തവയുമാണ് നിറയ്‌ക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ കോഴ നല്‍കിയാണ് പരിശോധനയില്ലാതെ ചത്ത കോഴികളെ അതിര്‍ത്തി കടത്തുന്നത്.
ദിവസവും പുലര്‍ച്ചെ കടകളിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് ചത്ത കോഴികളെ ഹോട്ടലുകള്‍ക്ക് നല്‍കും. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കടകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുലര്‍ച്ചെ തന്നെ സുനാമി ഇറച്ചി ഡ്രസ് ചെയ്‌ത് ഫ്രീസറിലാക്കും. വിലക്കുറവായതിനാല്‍ സുനാമി ഇറച്ചിയോട് ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്കും താൽപര്യമേറെയാണ്.

തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി കോഴിക്കടകളിലെ പരിശോധന അട്ടിമറിക്കുകയാണെന്നും ആക്ഷേപമുണ്ട്. കോട്ടയം നഗരത്തിലെ ഹോള്‍സെയില്‍ കടയില്‍ ചത്ത കോഴികളെ എത്തിക്കുന്നുണ്ടെന്ന പരാതി ചില വില്പനക്കാര്‍ അറിയിച്ചിട്ടും പരിശോധനയുണ്ടായില്ല എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഭക്ഷ്യ വിഷബാധ പിന്നാലെ വിലയിടിവ്
ഹോട്ടലുകളില്‍ നിന്ന് കുഴിമന്തി, ഷവര്‍മ, അല്‍ഫാം എന്നിവ കഴിച്ചവര്‍ക്ക് വ്യാപകമായി ഭക്ഷ്യ വിഷബാധയേറ്റതും, സംക്രാന്തിയിലെ ഹോട്ടലില്‍ നിന്നുള്ള കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്‌സ് മരിച്ചതും കാരണം കോഴി വിഭവങ്ങള്‍ കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. ഇതോടെ കോഴി വിലയും ഇടിഞ്ഞു. ഒരു മാസം മുമ്പ് കിലോയ്ക്ക് 135 വരെ ഉയര്‍ന്ന വില കഴിഞ്ഞ ഞായറാഴ്‌ച 118 ആയി. ബുധനാഴ്‌ച 103 രൂപയിലുമെത്തി. എന്നാല്‍ ഹോട്ടലുകളിലെയും തട്ടുകളിലെയും കോഴി വിഭവങ്ങള്‍ക്ക് വില കുറച്ചിട്ടില്ലെന്നും പരാതിയുണ്ട്.
വ്യാപകമാകാന്‍ കാരണം
ജില്ലയില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ലോട്ടര്‍ ഹൗസുകളുടെ എണ്ണം കുറഞ്ഞതിനാല്‍ സ്വകാര്യ വ്യക്തികള്‍ യാതൊരു പരിശോധനയുമില്ലാതെ മാടുകളെ അറക്കുന്നത് പതിവായതോടെയാണ് സുനാമി ഇറച്ചിയും വ്യാപകമായത്. കോട്ടയം നഗരസഭയിലെ സ്ലോട്ടര്‍ ഹൗസ് പൂട്ടിയിട്ട് വര്‍ഷങ്ങളായി ഇതിനുശേഷം സ്വകാര്യ ഹൗസുകളില്‍ നിന്നുള്ള മാംസമാണ് നഗരത്തിലെ ഹോട്ടലുകളില്‍ എത്തുന്നത്.
സുനാമി ഇറച്ചി ലോബിയുടെ ഭീഷണിയിൽ സംസ്ഥാനത്തെ സാധാരണ കോഴിക്കട വ്യാപാരികൾ അടച്ചുപൂട്ടൽ വക്കിലാണ്. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന കോഴിയെ ലൈവായി കൊന്ന് നല്‍കുന്ന കടകള്‍ക്ക് സുനാമി ഇറച്ചി ഭീഷണിയാണ്. ഹോട്ടലുകള്‍ക്കും കാറ്ററിംഗുകാര്‍ക്കും ലൈവ് കടകളോട് താത്പര്യമില്ല. ഭക്ഷ്യ വിഷബാധയുണ്ടായിട്ടും ചത്ത കോഴികള്‍ കടകളിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഉദ്യോഗസ്ഥര്‍ പണം വാങ്ങി എല്ലാം ഒതുക്കുകയാണെന്നാണ് ആരോപണം. അതിനിടെ സുനാമി ഇറച്ചി വില്പനയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പോലീസ് വിജിലൻസ് വിഭാഗവും നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
