
കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികന്‍ കെ.വി അശ്വിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂരിൽ എത്തിച്ച മൃതദേഹം രാവിലെ നാട്ടിലെ വായനശാലയില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും അശ്വിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. വായനശാലയില്‍ ഒന്നര മണിക്കൂറോളം പൊതുദര്‍ശനത്തിന് വച്ച ശേഷം കിഴക്കേമുറിയിലെ വീട്ടിലെത്തിച്ചു. വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയാണ് സംസ്കാരം.

മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു ഇരുപത്തിനാലുകാരനായ അശ്വിന്‍. പത്തൊമ്പതാം വയസില്‍ ബിരുദ പഠനത്തിനിടെ ഇലക്‌ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എഞ്ചിനീയറായിട്ടാണ് സൈന്യത്തില്‍ പ്രവേശിച്ചത്. ഓണാവധിക്ക് നാട്ടിലെത്തിയ അശ്വിന്‍ ഒരു മാസം മുമ്പാണ് തിരികെ പോയത്. നാട്ടിൽ എത്തുമ്പോഴെല്ലാം പൊതുരംഗത്തും കായിക രംഗത്തും സജീവമായിരുന്നു അശ്വിന്‍.
