
ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ വീട് പണിയുന്നതിനിടെ 1862 മുതലുള്ള 279 നാണയങ്ങളും വെള്ളി ആഭരണങ്ങളും നിറച്ച ലോഹ പാത്രം കണ്ടെടുത്തു. സംഭവത്തിന് പിന്നാലെ ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ഉദ്യോഗസ്ഥർ ഞായറാഴ്‌ച അറിയിച്ചു.
കോട്‌വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് നിർമാണത്തിനായി ഖനനം നടത്തുന്നതിനിടെ ശനിയാഴ്‌ച നാണയങ്ങളും ആഭരണങ്ങളും കണ്ടെടുത്തത്.പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം കമലേഷ് കുശ്‌വാഹയ്ക്ക് വീട് അനുവദിച്ചിരുന്നുവെന്നും ഇതിനായി വീടിൻ്റെ അടിത്തറ ശനിയാഴ്‌ച കുഴിക്കാൻ ആരംഭിക്കുകയായിരുന്നു എന്നും ഒറായി ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് സിംഗ് പറഞ്ഞു.

സ്ഥലത്തുണ്ടായിരുന്ന ഒരു തൊഴിലാളി ഈ കണ്ടെയ്‌നറിൽ തട്ടി വീഴുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ച് ആഭരണങ്ങളും നാണയങ്ങളും അവർക്ക് കൈമാറുകയായിരുന്നു.
