സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൻ്റെ ഗുണമേന്മയറിയാൻ; മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മിന്നൽ പരിശോധന, സ്‌കൂളുകൾക്ക് കർശന നിർദേശം

You are currently viewing സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിൻ്റെ ഗുണമേന്മയറിയാൻ; മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മിന്നൽ പരിശോധന, സ്‌കൂളുകൾക്ക് കർശന നിർദേശം

തിരുവനന്തപുരം / കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചു. കോഴിക്കോട്ടെ സ്‌കൂളുകളില്‍ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പരിശോധന നടത്തി. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സാഹചര്യത്തിലാണിത്. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്തെ വിവിധ സ്‌കൂളുകളില്‍ പരിശോധന നടത്തി. കേരളത്തിലെ 13,000ത്തിലധികം സ്കൂളുകളിലാണ് ഉച്ചഭക്ഷണ പദ്ധതി പ്രകാരം കുട്ടികള്‍ക്ക് ആഹാരം നല്‍കുന്നത്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യ വിഷബാധയുണ്ടായ സ്ഥലങ്ങളിലെ പരിശോധനാ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കും. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍, വാട്ടര്‍ടാങ്ക്, ശൗചാലയങ്ങള്‍, ഉച്ചഭക്ഷണ സാമഗ്രികളുടെ കാലപ്പഴക്കം തുടങ്ങിയവ പരിശോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, പൊതുവിതരണവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്‌ച മുതല്‍ പരിശോധന. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍. അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഒരാഴ്‌ചയ്ക്കുള്ളില്‍ മുഴുവന്‍ സ്‌കൂളുകളിലെയും കുടിവെള്ള പരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ആറുമാസത്തിൽ ഒരിക്കല്‍ കുടിവെള്ള പരിശോധന ഉണ്ടാകും. ജില്ലകളിലെ ഉച്ചഭക്ഷണ സൂപ്പര്‍വൈസര്‍മാരും ഉപജില്ലാതലങ്ങളിലെ ഉച്ചഭക്ഷണ ഉദ്യോഗസ്ഥരും സ്‌കൂളുകളിലെത്തിയാകും പരിശോധന നടത്തുക. വിദ്യാര്‍ഥികള്‍ക്ക് ശുചിത്വ ബോധവത്കരണം നല്‍കും. പാചകത്തൊഴിലാളികള്‍ക്ക് ഭക്ഷ്യസുരക്ഷാവ കുപ്പിൻ്റെ പരിശീലനം നല്‍കും.

ഭക്ഷ്യ വിഷബാധയുണ്ടായ സ്‌കൂളുകളില്‍ നിന്നെല്ലാം ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഫലം അഞ്ചുദിവസത്തിനുള്ളില്‍ ലഭിക്കും. എന്നാലേ വിഷബാധയുടെ കാരണം അറിയാനാകൂവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. അരിവിതരണവുമായി ബന്ധപ്പെട്ട് വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. ഭക്ഷ്യ വിഷബാധയുണ്ടായ തിരുവനന്തപുരം ഉച്ചക്കട എല്‍.എം.എസ്. എല്‍.പി. സ്‌കൂളിലെ രണ്ടുകുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവുമുണ്ടാക്കുന്ന നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു.

0Shares