കോവിഡ് 19: പനത്തടി പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കി; സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ് 19: പനത്തടി പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കി; സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല

കാസർകോട്: പനത്തടി ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ഏഴ്, എട്ട് വാര്‍ഡുകളില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പാണത്തൂര്‍ ടൗണില്‍ നിയന്ത്രണം കര്‍ശനമാക്കി. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു വരെ മാത്രമേ ഇവിടെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതിയുള്ളു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്‍റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തും.

ബാങ്കുകളില്‍ പണമിടപാട് നടത്തുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പാക്കണം. ബസുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകളെ കയറ്റുന്നതിനും സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല. തൊഴിലുറപ്പ് പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും തൊഴിലാളികള്‍ കൂട്ടംകൂടാന്‍ പാടില്ല.

പല ഭാഗങ്ങളില്‍ നിന്നും വരുന്ന മീന്‍ വണ്ടികള്‍ ടൗണുകളില്‍ കച്ചവടം നടത്താന്‍ അനുവദിക്കില്ല. ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേ ടൗണില്‍ പാര്‍ക്ക് ചെയ്യാനും ആളുകളെ കൊണ്ടുപോകാനും അനുവദിക്കു. വിവാഹങ്ങള്‍/ ഗൃഹപ്രവേശന ചടങ്ങുകള്‍ മറ്റ് ആഘോഷ പരിപാടികള്‍ എന്നിവ നടത്തുമ്പോള്‍ അനുമതി വാങ്ങണം.

അനുമതി ലഭിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ നടത്തിപ്പുകാര്‍ക്കെതിരെ പിഴ ചുമത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു. യോഗത്തില്‍ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

0Shares