
കേരളത്തില്‍ മെയ് പതിനൊന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ കന്യാകുമാരി (കൊമോറിന്‍) മേഖലയിലും, അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് മേഖലയിലും അടുത്ത 24 മണിക്കൂറില്‍, 35 മുതല്‍ 45 കി മി വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഈ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ചെറു വള്ളങ്ങളിലും മറ്റും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്.
