മഹമൂദിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ട്; തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ വീട്ടുകാരും സുഹൃത്തുക്കളും

  • Post category:local news / news
  • Reading time:2 mins read
You are currently viewing മഹമൂദിനായുള്ള കാത്തിരിപ്പിന് മൂന്ന് പതിറ്റാണ്ട്; തിരിച്ചുവരുമെന്ന  പ്രതീക്ഷ കൈവിടാതെ വീട്ടുകാരും സുഹൃത്തുക്കളും

ഷാഫി തെരുവത്ത്

കാസർകോട്: ബങ്കരക്കുന്ന് സ്വദേശിയുടെ തീരോധാനത്തിന് മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ വീട്ടുകാരും സുഹൃത്തുക്കളുടെയും കാത്തിരിപ്പ് തുടരുന്നു. 1991ലാണ് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയങ്കരനായ മഹ്മൂദ് മുംബൈയിലേക്ക് വണ്ടി കയറുന്നത്.നാട്ടിൽ ചില്ലറ വ്യാപാരങ്ങൾ നടത്തിയ മഹമൂദ് വ്യാപാരത്തിൽ നഷ്ടം നേരിടുകയായിരുന്നു. പിന്നീട് ജീവിതം മെച്ചപ്പെടുത്താനായാണ് ജോലി അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്നത്.

അവിടെ പോയതിന് ശേഷം ഒന്ന് രണ്ട് തവണ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു. ബങ്കരക്കുന്നിലെ സാമൂഹ്യ, സാംസ്ക്കാരിക, കലാ – കായികരംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന മഹമൂദ് വലിയ സൗഹൃദ് ബന്ധത്തിന്‍റെ ഉടമയായിരുന്നു. ട്രങ്ക് കോളിൽ മാത്രം ആശയവിനിമയം നടത്തിയിരുന്ന കാലമായിരുന്നു അന്ന് മുംബൈയിലും ഗൾഫിലുണ്ടായിരുന്നവർ. മരണവിവരങ്ങൾ കൈമാറിയിരുന്നത് ടെലഗ്രാം വഴിയായിരുന്നു. നാട്ടിലെ ഏതാനും സുഹൃത്തുക്കളുടെ വിവാഹത്തിന് മഹമുദ് ആശസ സന്ദേശം അയച്ചിരുന്നതായി സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. പിന്നീട് ഒരു വിവരവുമില്ലാതായതെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു.

മഹമൂദിന്‍റെ ഉറ്റ സുഹൃത്തുക്കളായ ബങ്കരക്കുന്നിലെ സലീം, ഇബ്രാഹിം തൈവളപ്പ്, ബഷീർ സ്രാങ്ക്, അബ്ദുൽ റഹ്മാൻ ചക്കര, മുഹമ്മദ് ഷാഫി, കുഞ്ഞാമു നെല്ലിക്കുന്ന്, അബ്ബാസലി, ലത്തീഫ് പീസ്, മജീദ് തുടങ്ങിയവർ നിരന്തരം ബന്ധപ്പെടുകയും മുംബൈയിൽ പോയി അന്വേഷിക്കുകയും ചെയ്തുവെങ്കിലും കൂടുതൽ വിവരം ലഭിച്ചില്ല.മുംബൈയിൽ ജോലി ചെയ്യുന്ന കാസർകോട്ടുകാരിൽ ചിലർക്ക് ഏതാനും വർഷം മുമ്പ് കണ്ടിരുന്നുവത്രെ, ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ചെറുപ്പത്തിൽ പിതാവ് നഷ്ടപ്പെട്ടെങ്കിലും അനാഥത്വം എന്തെന്നറിയാതെയാണ് ഉമ്മ ആയിഷ പോറ്റി വളർത്തിയത്.സഹോദരങ്ങൾക്ക് മാത്രമല്ല നാട്ടുകാർക്കും ഏറെ പ്രിയങ്കരനായിരുന്നു. നാട്ടിലെ എന്ത് പ്രശ്നങ്ങളും പരിഹരിക്കാൻ മുന്നിട്ടിറങ്ങിയിരുന്നു. കാണുന്നവരോടൊക്കെ എന്‍റെ പൊന്നുമോൻ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവുമോ എന്ന് ചോദിക്കാത്ത ദിനങ്ങളണ്ടായിരുന്നില്ല ആയിഷയ്ക്ക്. മകൻ എന്നെങ്കിലും എന്നെ തേടിവരുമെന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. മനസ് നീറി കഴിഞ്ഞ ആയിഷ മകനെ കാണാനാവാതെ ഏതാനും വർഷം മുമ്പാണ് മരണപ്പെട്ടത്.

ഉമ്മ മരിച്ച വിവരമറിഞ്ഞെങ്കിലും വരുമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. ഗൾഫിലുണ്ടായിരുന്ന സഹോദരൻ അബ്ദുൽ റഹ്മാൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തി സഹോദരനെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഇദ്ദേഹവും ഏതാനും വർഷം മുമ്പ് മരണപ്പെട്ടു.

മറ്റു സഹോദരങ്ങളായ മുഹമ്മദ് കുഞ്ഞി, അബൂബക്കർ, ഇബ്രാഹിം എന്നിവരും അന്വേഷിക്കാത്ത ഇടങ്ങളില്ല. സഹോദരൻ വരുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് സഹോദരിമാരും. സോഷ്യൽ മീഡിയ ശക്തമായ ഇക്കാലത്ത് മഹമുദിനെ കണ്ടെത്താൻ സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോ നൽകി കണ്ടെത്താനുള്ള ശ്രമത്തിലാണ്.

0Shares