
കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ ജോസഫിൻ്റെ കൈവെട്ടിയ കേസിൽ പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍.ഐ.എ കോടതി വിധിച്ചു. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം.കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഒമ്പതാം പ്രതി നൗഷാദ് , പതിനൊന്നാം പ്രതി മൊയ്‌തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ പ്രൊഫസര്‍ ടി.ജെ ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാംപ്രതി സജിൽ, മൂന്നാംപ്രതി നാസർ അഞ്ചാംപ്രതി നജീബ് എന്നിവർക്കെതിരെ ഭീകര പ്രവർത്തനം ഉൾപ്പെടെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി ബുധനാഴ്‌ച വ്യകതമാക്കിയിരുന്നു.

ഒമ്പതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി എം,മൊയ്‌തീൻ കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവർക്കെതിരെ തെളിവ് മറച്ചുവെക്കൽ, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കൽ എന്നീ കുറ്റങ്ങളാണ് ഉള്ളത്. പ്രതികളായ ഷെഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രൊഫസർ ടി.ജെ ജോസഫിൻ്റെ കൈ വെട്ടിയ ഒന്നാംപ്രതി സവാദ് ഇപ്പോഴും ഒളിവിലാണ്.
2010 മാർച്ച് 23ന് തൊടുപുഴ ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്‍റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയത്. ഈ കേസിലാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയായത്. സംഭവത്തിന് ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്‌തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ.ഐ.എ വിചാരണ പൂർത്തിയാക്കിയത്.
