
കണ്ണൂർ: സഖാവ് കോടിയേരി ബാലകൃഷ്‌ണൻ ഇനി ഓർമയിൽ. ജനലക്ഷങ്ങളുടെ ആദരം ഏറ്റുവാങ്ങി കോടിയേരി ചരിത്രമായി. മഹാരഥന്‍മാര്‍ ഉറങ്ങുന്ന പയ്യാമ്പലത്തിൻ്റെ ചുവന്ന മണ്ണില്‍ തീനാളങ്ങള്‍ പ്രിയ നേതാവിനെ ഏറ്റുവാങ്ങി. ജനകീയനേതാവിന് കേരളം വിട നല്‍കി.
പയ്യാമ്പലം കടപ്പുറത്ത് ഒരുക്കിയ ചിതയ്ക്ക് മക്കളായ ബിനോയിയും ബിനീഷും ചേർന്ന് തീ കൊളുത്തി. അഴിക്കോടൻ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലം ബീച്ചിലേക്കുള്ള വിലാപ യാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാൽനടയായി സഞ്ചരിച്ചു. ഒടുവിൽ ഭൗതികശരീരം തോളിലേറ്റി ചിതയിലേക്ക് വെച്ചതോടെ ഒരു രക്തതാരകം അഗ്നിനാളമായി. സഖാക്കളായ ചടയൻ ഗോവിന്ദൻ്റെയും ഇ.കെ നയനാരുടെയും സ്മൃതികുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്. ഇരുവരും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാരായിരുന്നു. ഇവിടെ കോടിയേരിക്കായി സ്മൃതിമണ്ഡപം പണിയും.

കോടിയേരി ഈങ്ങയിൽ പീടികയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. വികാരനിർഭര നിമിഷങ്ങൾക്കാണ് ഈങ്ങയിൽ പീടികയിലെ വസതി സാക്ഷ്യം വഹിച്ചത്. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല; ജീവിക്കുന്നു ഞങ്ങളിലൂടെ‘ എന്ന് ആയിരം കണ്ഠങ്ങളില്‍ നിന്ന് ഒരേസമയം മുദ്രാവാക്യം ഉയരുന്നു.
കോടിയേരി ബാലകൃഷ്‌ണന് അന്തിമോപചാരം അർപ്പിക്കാൻ അയിരങ്ങൾ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. 11.45ഓടെ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ച മൃതദേഹത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രകാശ് കാരാട്ട് തുടങ്ങി കേന്ദ്ര നേതാക്കൾ കോടിയേരിയ്ക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു.
സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് പയ്യാമ്പലത്ത് സംസ്‌കരിച്ചത്. തുടർന്ന് അനുസ്‌മരണ പൊതുയോഗവും സംഘടിപ്പിച്ചു. വാക്കുകൾ ഇടറി മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന പ്രസംഗം വേഗം നിർത്തി.
