ഒമേഗിളിനേക്കാള്‍ അപകടകാരികള്‍; ഈ അഞ്ച് ആപ്പുകള്‍ ഫോണിൽ ഉണ്ടെങ്കില്‍ സൂക്ഷിക്കണം, പണി കിട്ടിയാല്‍ കുറ്റവാളികളെ കണ്ടെത്താൻ കഴിയില്ല

You are currently viewing ഒമേഗിളിനേക്കാള്‍ അപകടകാരികള്‍; ഈ അഞ്ച് ആപ്പുകള്‍ ഫോണിൽ ഉണ്ടെങ്കില്‍ സൂക്ഷിക്കണം, പണി കിട്ടിയാല്‍ കുറ്റവാളികളെ കണ്ടെത്താൻ കഴിയില്ല

തിരുവനന്തപുരം: ലോകത്തിൻ്റെ പല കോണിലുള്ള അപരിചിതര്‍ വീഡിയോ കോളിലൂടെ കണ്ടും സംസാരിച്ചും സൗഹൃദം സ്ഥാപിച്ചിരുന്ന വീഡിയോ ചാറ്റ് ആപ്ലിക്കേഷൻ ഒമേഗിള്‍ ഈ വ്യാഴാഴ്‌ച പൂട്ടിക്കെട്ടി.
പതിന്നാല് വര്‍ഷം മുമ്പ് 18കാരനായ അമേരിക്കൻ വിദ്യാര്‍ത്ഥി ഏകാന്തതയില്‍ നിന്ന് രക്ഷപ്പെടാൻ കിടപ്പുമുറിയില്‍ ഇരുന്ന് സൃഷ്ടിച്ച ആപ്ലിക്കേഷൻ ലോകമെമ്പാടും ഹിറ്റായിരുന്നു. ഒപ്പം അതിൻ്റെ ദുരുപയോഗവും വര്‍ദ്ധിച്ചു.

സൗജന്യമായ ആപ്ലിക്കേഷനിലൂടെ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായിചൂഷണം ചെയ്യുന്നതായി പരാതികള്‍ ഉയരുകയും നിരവധി രാജ്യങ്ങളില്‍ കേസുകള്‍ വരികയും ചെയ്‌തതോടെയാണ് നിറുത്തലാക്കിയത്. മലയാളികളടക്കം 33 ലക്ഷം ആളുകള്‍ പ്രതിദിന ഉപഭോക്താക്കളായിരുന്നു.

18 വയസാണ് ഉപയോഗിക്കാനുള്ള പ്രായമെങ്കിലും നിരീക്ഷണം കര്‍ശനമല്ലാത്തതാണ് ഇത്തരം ആപ്പുകളുടെ പ്രശ്നം. ഉപയോഗിക്കാൻ പേരോ വയസോ മെയില്‍ ഐഡിയോ പോലും കൊടുക്കേണ്ട. ആപ്പില്‍ കയറി ‘ടോക്ക് ടു സ്ട്രെയിഞ്ചേഴ്‌സ്’ ഐക്കണ്‍ അമര്‍ത്തിയാല്‍ മതി. പ്രത്യക്ഷപ്പെടുന്നത് അമേരിക്കക്കാരനോ മലേഷ്യക്കാരിയോ ആവാം. കൊവിഡിന് ശേഷമാണ് ഇത് കേരളത്തില്‍ പ്രചാരത്തിലായത്.

നഗ്നതാ പ്രദര്‍ശനം പോലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇത് ഉപയോഗിച്ചിരുന്നു. സ്ത്രീകളുടെ വീഡിയോ കോള്‍ റെക്കാഡ് ചെയ്‌ത്‌ എ.ഐ (നിര്‍മ്മിത ബുദ്ധി) സഹായത്തോടെ നഗ്നവീഡിയോകളില്‍ ഉപയോഗിക്കും. കുട്ടികളോട് സൗഹൃദം സ്ഥാപിച്ച്‌ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയിരുന്നു. ഭയപ്പെടുത്തുന്ന ‘ഹാലോവിയൻ’ രൂപങ്ങളായാണ് ചിലര്‍ പ്രത്യക്ഷപ്പെടുന്നത്. തലയില്‍ കൊമ്പ് വച്ചും രക്തം വാര്‍ന്നും നില്‍ക്കുന്ന ഭീകരരൂപങ്ങള്‍ മുതിര്‍ന്നവര്‍ക്കും മാനസികാഘാതം ഉണ്ടാക്കും.

ഇവയും സൂക്ഷിക്കണം

ടൈനിചാറ്റ്, യൂ നൗ, ചാറ്റ് റാൻഡം, വി-ചാറ്റ്, ചാറ്റ് റൂം പോലുള്ള ആപ്പുകള്‍ ഒമേഗിളിനേക്കാള്‍ അപകടകാരികളാണ്. ചാറ്റിനെത്തുന്ന അപരിചിതനെ ബ്ലോക്ക് ചെയ്യാനുള്ള അവസരം ഇല്ല. നിറത്തെയും വംശത്തെയും ജാതിയെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളും ചിലര്‍ നടത്താറുണ്ട്. ആളുകളുടെ പേരോ രാജ്യമോ സൂക്ഷിക്കാത്തതിനാല്‍ കുറ്റവാളികളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

ഒമേഗിള്‍

2009ല്‍ ലീഫ്.കെ ബ്രൂക്‌സ് എന്ന 18 കാരൻ നിര്‍മ്മിച്ച വീഡിയോ കോള്‍ ആപ്പ്. 13- 24 പ്രായക്കാരാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. ഒറ്റപ്പെടല്‍ അകറ്റാൻ അപരിചിതരോട് സൗഹൃദം സ്ഥാപിക്കാം എന്നതായിരുന്നു ആപ്‌തവാക്യം. സാമ്പത്തിക പ്രതിസന്ധിയും അടച്ചുപൂട്ടലിന് കാരണമായി.

0Shares