
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി ഭരണം പിടിച്ചത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാകും. രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം പിടിച്ചെടുത്ത ബി.ജെ.പി മദ്ധ്യപ്രദേശില്‍ അധികാരം നിലനിറുത്തുകയും ചെയ്‌തു. തെലങ്കാനയില്‍ മാത്രമാണ് ബി.ആര്‍.എസിനെ തുരത്തി കോണ്‍ഗ്രസിന് ആശ്വാസ ജയം നേടാനായത്.
ആ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ വാക്കുകള്‍. ഒരു ദേശീയ മാധ്യമത്തിന് മുമ്പോരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം എന്ന മുഖവുമായി 2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മത്സരിച്ചാല്‍ നേട്ടമുണ്ടാക്കാണ് ആവില്ലെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. ബി.ജെ.പിയെ വെല്ലുവിളിക്കാൻ ഇറങ്ങുമ്പോള്‍ അവരുടെ ശക്തി എന്താണെന്ന് മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഈ മൂന്ന് തൂണുകളാണ് ബി.ജെ.പിയുടെ ശക്തി.

ഇതില്‍ രണ്ട് കാര്യങ്ങളിലെങ്കിലും വെല്ലുവിളി ഉയര്‍ത്താൻ കഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിയില്ല. എൻ.ഡി.ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ പ്രതിപക്ഷത്തിന് എങ്ങനെ നേരിടാൻ കഴിയുമെന്ന ചോദ്യത്തിനായിരുന്നു പ്രശാന്ത് കിഷോറിൻ്റെ വിശദീകരണം.
“ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനെതിരെ പോരാടുന്നതിന് പ്രത്യയ ശാസ്ത്രങ്ങളുടെ ഒരു സംയോജനം ഉണ്ടാകണം. ഗാന്ധിവാദികള്‍, അംബേദ്‌കറൈറ്റ്സ്, സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍… പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്,. പ്രത്യയ ശാസ്ത്രപരമായ യോജിപ്പ് ഉണ്ടാകാത്തിടത്തോളം കാലം ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
തൻ്റെ പ്രത്യയശാസ്ത്രം മഹാത്മാഗാന്ധിയുടേത് ആണെന്നും ബീഹാറിലെ ജൻ സൂരജ് യാത്ര ഗാന്ധിയുടെ കോണ്‍ഗ്രസിൻ്റെ പ്രത്യയശാസ്ത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണെന്നും കിഷോര്‍ പറഞ്ഞു. 2022ല്‍ പ്രശാന്ത് കിഷോര്‍ ബീഹാറില്‍ നടത്തിയ ജൻ സൂരജ് യാത്രയെ കുറിച്ചായിരുന്നു അദ്ദേഹം സൂചിപ്പിച്ചത്.
2022ല്‍ പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം ശക്തമായിരുന്നു, എന്നാല്‍ കോണ്‍ഗ്രസിൻ്റെ അഭ്യര്‍ത്ഥന പ്രശാന്ത് കിഷോര്‍ തള്ളുകയായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിനെ സജ്ജമാക്കാനായി രൂപീകരിച്ച എംപവേഡ് ആക്ഷൻ ഗ്രൂപ്പില്‍ ചേരാനായിരുന്നു ക്ഷണം.
എന്നാല്‍ അദ്ദേഹത്തിന് പൂര്‍ണ ചുമതല നല്‍കാൻ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ചത്. പുതിയ പശ്ചാത്തലത്തില്‍ പ്രശാന്ത് കിഷോര്‍ വീണ്ടും പ്രതിപക്ഷ സഖ്യത്തില്‍ പ്രവര്‍ത്തിക്കുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
