ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണുമരിച്ചു; നാടിനെയാകെ ദുഃഖത്തിലാക്കിയ മരണം

You are currently viewing ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണുമരിച്ചു; നാടിനെയാകെ ദുഃഖത്തിലാക്കിയ മരണം

കാസര്‍കോട്: സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കെ യുവാവ് കുഴഞ്ഞു വീണുമരിച്ചു. കാസര്‍കോട് അക്ബര്‍ ട്രാവല്‍സിലെ ജീവനക്കാരന്‍ ബെദിരയിലെ എന്‍.എം ഹാരിസ് (46) ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെ ഉളിയത്തടുക്കയിലെ ടര്‍ഫില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചശേഷം വിശ്രമിക്കുന്നതിനിടെ ആണ് ഹൃദയാഘാതം അനുഭവപ്പെട്ട് ഹാരിസ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഹാരിസിൻ്റെ മരണം നാടിനെയാകെ ദുഃഖത്തിലാക്കി. നേരത്തെ കാസര്‍കോട് മൗലവി ട്രാവല്‍സിലും പിന്നീട് ദുബായിലെ ട്രാവല്‍സിലും ജോലി ചെയ്‌തിരുന്നു. രണ്ട് വര്‍ഷത്തോളമായി അക്ബര്‍ ട്രാവല്‍സിലായിരുന്നു.

എന്‍.എ മുഹമ്മദ് ഹാജിയുടേയും പരേതയായ സുഹ്‌റയുടേയും മകനാണ്. മൃതദേഹം വെള്ളിയാഴ്‌ച രാവിലെ ബെദിര ജുമാ മസ്‌ജിദ്‌ അങ്കണത്തില്‍ ഖബറടക്കി. ഹസീനയാണ് ഭാര്യ. ഹംന, ഹന, ഹൈസ എന്നിവർ മക്കളാണ്. എന്‍.എം ഹസൈനാര്‍, സിദ്ധീഖ്, മഹമൂദ്, ഫൈസല്‍, ഇല്ല്യാസ്, സഹീദ്, ആഷിഫ്, സഫീദ, സാനിയ എന്നിവർ സഹോദരങ്ങളാണ്. ഹാരിസിൻ്റെ അകാല വിയോഗത്തിൽ നിരവധിപേർ അനുശോചിച്ചു.

0Shares