ശാസ്ത്ര പുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും പുറത്ത്; എൻ.സി.ഇ.ആർ.ടിക്ക് കത്തെഴുതി അധ്യാപകരും ശാസ്ത്രജ്ഞരും

You are currently viewing ശാസ്ത്ര പുസ്തകത്തിൽ നിന്ന് പരിണാമ സിദ്ധാന്തവും പുറത്ത്; എൻ.സി.ഇ.ആർ.ടിക്ക് കത്തെഴുതി അധ്യാപകരും ശാസ്ത്രജ്ഞരും

രാജ്യത്തെ 9,10 ക്ലാസുകളിലെ ശാസ്ത്ര പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ ശാസ്ത്രജ്ഞരും അധ്യാപകരും ശാസ്ത്ര പ്രചാരകരും രം​ഗത്ത്. ഇത്തരം നടപടി പരിഹാസ്യമാണെന്നും ശാസ്ത്രജ്ഞരും അധ്യാപകരും പറഞ്ഞു.

പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കരുതെന്നാവശ്യവുമായി 1800ഓളം ശാസ്ത്രജ്ഞരും അധ്യാപകരും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് കത്തെഴുതി.

9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കാൻ എൻ.സി.ആർ.ടി നീക്കം നടത്തുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനെതിരെ കത്തിൽ ഒപ്പിട്ടതെന്ന് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഏപ്രിൽ 20-ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ശാസ്ത്രത്തിൻ്റെ അടിസ്ഥാന കണ്ടെത്തൽ കുട്ടികൾ പഠിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് അവരുടെ ചിന്താ പ്രക്രിയകളിൽ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തിൽ പറയുന്നു. പരണാമ സിദ്ധാന്തത്തിൻ്റെ ശാസ്ത്രീയവും സാമൂഹികവുമായ പ്രസക്തി വിശദീകരിച്ചാണ് കത്തെഴുതിയിരിക്കുന്നത്.

പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവ് ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമാണെന്നും കത്തിൽ പറയുന്നു. കൊവിഡ് -19 ന് ശേഷം വിദ്യാർഥികളുടെ സിലബസ് ഭാരം കുറയ്ക്കുന്നതിനായാണ് പല പാഠഭാ​ഗങ്ങളും നീക്കം ചെയ്യുന്നതെന്നാണ് വിശദീകരണം.

പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിൻ്റെ പട്ടികയിൽ ‘പൈതൃകവും പരിണാമവും’ എന്ന തലക്കെട്ടിലെ പരിണാമമാണ് ഒഴിവാക്കി 9-ാം അദ്ധ്യായം ‘പാരമ്പര്യം’ എന്ന് മാത്രമാക്കി.

0Shares