
ന്യുഡല്‍ഹി: കനത്തെ മഴയിലും കാറ്റിലും ഡല്‍ഹി രാജ്യാന്തര വിമാന താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണ് തകര്‍ന്ന് കാറുകള്‍ക്കുമേല്‍ പതിച്ചത്. ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.
വെള്ളിയാഴ്‌ച രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ടെര്‍മിനലിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിക്കുക ആയിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു

സുരക്ഷയുടെ ഭാഗമായി ചെക്ക് ഇന്‍ കൗണ്ടറുകളും അടച്ചതായി ഡല്‍ഹി വിമാന താവളത്തിലെ വക്താവ് അറിയിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ടെര്‍മിനല്‍ ഒന്നില്‍ കൈകാര്യം ചെയ്യുന്നത്. മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങലും ശാഖകളും പൊട്ടി നിലത്തു വീണു. വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് ഉണ്ട്.
എക്‌സിൽ വീഡിയോ കാണാം:
