ഇനിമുതൽ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ

  • Post category:news
  • Reading time:2 mins read
You are currently viewing ഇനിമുതൽ വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍; പുതിയ മാര്‍ഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ

വിദഗ്ധ സമിതി നിര്‍ദേശ പ്രകാരം ക്വാറന്റീന്‍ മാര്‍ഗരേഖ പുതുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുപ്രകാരം വിദേശത്ത് നിന്നും വരുന്നവരില്‍ വീട്ടില്‍ ക്വാറന്റീന്‍ സൗകര്യം ഉള്ളവരില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം സത്യവാങ്മൂലം എഴുതി വാങ്ങി വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നതാണ്. ഇവര്‍ക്ക് ആവശ്യമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവര്‍ക്ക് സ്വന്തം വാഹനത്തിലോ, ടാക്സിയിലോ വീടുകളിലേക്ക് മടങ്ങാവുന്നതാണ്.ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം, പൊലീസ്, കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫിസര്‍ , കലക്ടര്‍ ഇവര്‍ക്കെല്ലാം അതുസംബന്ധിച്ച വിവരം കൈമാറുകയും ചെയ്യും. വീട്ടില്‍ സൗകര്യമുണ്ടെന്ന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പുവരുത്തേണ്ടതാണ്. ന്യൂനതകളുണ്ടെങ്കില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും.

സുരക്ഷിതമായ ക്വാറന്റീന്‍ ഉറപ്പാക്കാന്‍ വീട്ടുകാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും നടത്തും.കുട്ടികള്‍, പ്രായമായവര്‍, ഇവരെല്ലാം ഉണ്ടെങ്കില്‍ പ്രത്യേക നിര്‍ദേശങ്ങളും നല്‍കുന്നതാണ്. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റീന്‍ ലംഘിക്കാന്‍ പാടില്ല. ലംഘിച്ചാല്‍ നിയമപ്രകാരം പോലീസ് നടപടി സ്വീകരിക്കുകയും ചെയ്യും. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വന്തം വാഹനത്തിലോ,ടാക്സിയിലോ പോകാവുന്നതാണ്. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കാണ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സര്‍ക്കാര്‍ നല്‍കുക.

ആവശ്യപ്പെടുന്നവര്‍ക്ക് ഒരുക്കുന്ന ഹോട്ടല്‍ സംവിധാനമാണ് പെയ്ഡ് ക്വാറന്റീന്‍. പ്രത്യേകമായി ആവശ്യപ്പെട്ടാല്‍ ആ സംവിധാനം ഒരുക്കിക്കൊടുക്കുകയും ചെയ്യും . ഈ രണ്ടു കേന്ദ്രങ്ങളിലും ആവശ്യമായ സൗകര്യങ്ങളും കര്‍ശനമായ നിരീക്ഷണവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, റവന്യൂ അധികൃതര്‍, പോലീസ് എന്നിവര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. വിമാനം വഴിയും ട്രെയിന്‍ വഴിയും റോഡുമാര്‍ഗവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതിന് പുതിയ മാര്‍ഗരേഖയുണ്ട്.

സംസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഹോം കാറന്റീന്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വീടോ, അനുയോജ്യമായോ മറ്റൊരു വീടോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. സത്യവാങ്മൂലം സംബന്ധിച്ച് ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം അന്വേഷിച്ച് സുരക്ഷിത ക്വാറന്റീന്‍ ഉറപ്പാക്കും. അല്ലാത്ത പക്ഷം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനോ, പെയ്ഡ് ക്വാറന്റീനോ, അതിനാവശ്യമായ സൗകര്യവും ഒരുക്കുന്നതാണ്.

സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് അനുമതി നല്‍കുന്ന വിവരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം, പോലീസ്, കോവിഡ് കെയര്‍ നോഡല്‍ ഓഫീസര്‍ ,ജില്ലാ കളക്ടര്‍ ഇവരെയെല്ലാം അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares