
പാരിസ്: സെമിയിലെ കടുത്ത വെല്ലുവിളി അതിജീവിച്ച് സ്‌പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കരാസ് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൻ്റെ ഫൈനലില്‍. യുവ താരങ്ങളുടെ മിന്നും പോരാട്ടം കണ്ട സെമിയില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് ഇറ്റലിയുടെ യാന്നിക് സിന്നറെ വീഴ്ത്തിയാണ് അല്‍ക്കരാസിൻ്റെ മുന്നേറ്റം.

ഇതാദ്യമായാണ് താരം റോളണ്ട് ഗാരോസില്‍ ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. കടുത്ത പോരാട്ടമാണ് നടന്നത്. മത്സരം അഞ്ച് സെറ്റുകള്‍ നീണ്ടു. ആദ്യ സെറ്റ് സിന്നര്‍ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ അല്‍ക്കരാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ സിന്നറുടെ തിരിച്ചടി വീണ്ടും.
എന്നാല്‍ നാലും അഞ്ചും സെറ്റുകള്‍ അല്‍ക്കരാസ് കൃത്യമായ ആധിപത്യം സ്ഥാപിച്ച് പിടിച്ചെടുത്തു. സ്‌കോര്‍: 2-6, 6-3, 3-6, 6-4, 6-3. കാസ്പര്‍ റൂഡ്- അലക്‌സാണ്ടര്‍ സ്വരേവ് പോരാട്ടത്തിലെ വിജയിയാണ് ഫൈനലില്‍ അല്‍ക്കരാസിൻ്റെ എതിരാളി.
