
കാറഡുക്ക / കാസർകോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിൻ്റെ വേദികള്‍ വ്യാഴാഴ്‌ച ഉണരും. കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലാണ് മത്സരങ്ങൾ നടക്കുക. മൂന്ന് ദിവസം സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറും. വ്യാഴാഴ്‌ച വൈകിട്ട് നാല് മണിക്ക് സ്‌പീക്കര്‍ എ.എന്‍ ഷംസീര്‍ കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. നാട്ടില്‍ വിരുന്നെത്തിയ കലയുടെ കൗമാര മേളയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് നാട്ടുകാര്‍. മേള ഒമ്പതിന് സമാപിക്കും.
വിവിധ സംഘടനകളുടേയും ക്ലബ്ബുകളുടേയുമൊക്കെ നേതൃത്വത്തില്‍ വേദികള്‍ക്കരികിലായി വിവിധ കലാരൂപങ്ങളും അലങ്കാരങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
