ഭൂമിയുടെ അകക്കാമ്പി​ൻ്റെ ഭ്രമണം നിന്നു; ഇപ്പോൾ കറങ്ങുന്നത് എതിർദിശയിൽ; പുതിയ പഠന റിപ്പോർട്ട് ഇങ്ങിനെ

  • Post category:international / news
  • Reading time:2 mins read
You are currently viewing ഭൂമിയുടെ അകക്കാമ്പി​ൻ്റെ ഭ്രമണം നിന്നു; ഇപ്പോൾ കറങ്ങുന്നത് എതിർദിശയിൽ; പുതിയ പഠന റിപ്പോർട്ട് ഇങ്ങിനെ

ഭൂമിയുടെ അകക്കാമ്പ് ഭ്രമണം നിർത്തിയെന്നും പിന്നീട് ചലനദിശയിൽ വ്യത്യാസം വന്നെന്നും പഠന റിപ്പോർട്ട്. അകക്കാമ്പ് അതി​ൻ്റെ ഭ്രമണം നിർത്തി തുടർന്ന് വിപരീതദിശയിൽ ചലിക്കാനാരംഭിച്ചെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. നേച്ചർ ജിയോസയൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോൾ അകക്കാമ്പ് ഒരു ഊഞ്ഞാൽ പോലെ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നുവെന്ന് ഗവേഷകർ പണ്ടേ വിശ്വസിച്ചിരുന്നു.

ഭ്രമണം 2009-ൽ നിലച്ചുവെന്നും പിന്നീട് അത് വിപരീത ദിശയിലേക്ക് തിരിഞ്ഞുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 35 വർഷം കൂടുമ്പോൾ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്. ഏഴ് പതിറ്റാണ്ടുകൾ കൊണ്ടാണ് ഭൂമിയുടെ അകക്കാമ്പി​ൻ്റെ ഒരു ചലന സൈക്കിൾ പൂർത്തിയാകുന്നത്. അതായത്, 35 വർഷംകൂടുമ്പോൾ ചലനദിശ വ്യത്യാസപ്പെടും.

ഇതിനുമുമ്പ് 1970-കളുടെ തുടക്കത്തിൽ ചലനദിശ വ്യത്യാസപ്പെട്ടിരുന്നു. ഇനി 2040-ൽ വീണ്ടും ദിശാവ്യത്യാസം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നൽകിയ യി യാങ്, ഷിയാവോദോങ് സോങ് എന്നീ ശാസ്ത്രജ്ഞർ പറയുന്നു. ചൈനയിലെ പെക്കിങ് സർവകലാശാലയിലെ ശാസ്ത്രവിദഗ്ധരാണ് ഇരുവരും.

എന്താണ് ഭൂമിയുടെ അകക്കാമ്പ്?

ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ക്രസ്റ്റ് (crust) അഥവാ ഭൂവൽക്കം, മാന്റിൽ അഥവാ മധ്യഭാഗം (mantle), കോർ അഥവാ അകക്കാമ്പ് (core). ഇതിൽ അകക്കാമ്പി​ൻ്റെ തൊട്ടുമുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് (outer core) എന്ന് പറയുന്നു. പ്രധാനമായും നിക്കൽ, ഇരുമ്പ്‌ എന്നിവയാൽ നിർമിതമായ ഭാഗമാണിത്.

ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് അകക്കാമ്പ്. അകക്കാമ്പി​ൻ്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെൽഷ്യസ് ആണെന്നാണ് നിഗമനം. ഉയർന്ന മർദം കാരണം അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നു.

ഗ്രഹത്തിലുടനീളം സഞ്ചരിക്കുന്ന ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗങ്ങളെക്കുറിച്ച് ഗവേഷകർ പഠിക്കുന്നതിനിടെയാണ് 1936 ൽ ഭൂമിയുടെ ആന്തരിക കാമ്പ് ആദ്യമായി കണ്ടെത്തിയത്. ഏകദേശം 7,000 കിലോമീറ്റർ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്. 1996-ൽ നേച്ചർ നടത്തിയ തുടർപഠനത്തിൽ ഭൂകമ്പതരംഗങ്ങൾ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയദൈർഘ്യത്തിൽ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറി​ൻ്റെ വാർഷിക ഭ്രമണവേഗത മാന്റിൽ, ക്രസ്റ്റ് എന്നിവയുടെ ഭ്രമണവേഗതയേക്കാൾ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രനിഗമനം.

നമ്മുടെ കാലടിയ്ക്ക് കീഴെ മൂവായിരം മൈലുകൾക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാൽത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്. ഏകദേശം ചന്ദ്രന്റെ മൂക്കാൽഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്.

0Shares