ഇന്ത്യ അരി കയറ്റുമതി നിരോധനം നടത്തിയതിന് കാരണം; വിദേശ രാജ്യങ്ങളെ ബാധിക്കുന്നത് ഇങ്ങനെ

You are currently viewing ഇന്ത്യ അരി കയറ്റുമതി നിരോധനം നടത്തിയതിന് കാരണം; വിദേശ രാജ്യങ്ങളെ ബാധിക്കുന്നത് ഇങ്ങനെ

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ ബസ്മതി ഒഴികെയുള്ള വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. കയറ്റുമതി നിരോധനം ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലും അമേരിക്കയിലും ആശങ്ക ഉയര്‍ത്തുന്നതായും ആഗോളതലത്തില്‍ ഭക്ഷ്യവില കുതിച്ചുയരാന്‍ ഇടയാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കയറ്റുമതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതായി ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ജൂലൈ 20ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു.

നിരോധനം ആഗോളതലത്തില്‍ ഭക്ഷ്യവില വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, യു.എസിലെ ഭക്ഷ്യവിതരണം ബുദ്ധിമുട്ടിലാകുകയും വിയറ്റ്‌നാം, തായ്‌ലൻഡ് തുടങ്ങിയ മറ്റ് അരി കയറ്റുമതി രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.

എന്തുകൊണ്ടാണ് സര്‍ക്കാര്‍ അരി കയറ്റുമതി നിരോധിച്ചത്?

രാജ്യത്ത് ആഭ്യന്തര വില ഉയരുന്നത് തടയാനാണ് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്.’അരിയുടെ ആഭ്യന്തര വില വര്‍ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. രാജ്യത്തെ ചില്ലറ വില്‍പ്പന വിലയില്‍ ഒരു വര്‍ഷത്തിനിടെ 11.5 ശതമാനവും കഴിഞ്ഞ മാസത്തില്‍ മൂന്ന് ശതമാനവും വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന്‘ സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ ബസ്മതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനുമാണ് കയറ്റുമതി നിരോധനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. നെല്ലുത്പാദക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മണ്‍സൂണ്‍ മഴയും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ മഴക്കുറവും പോലെയുള്ള അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ രാജ്യത്തെ അരി ഉല്‍പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ഉത്തരേന്ത്യയില്‍ പെയ്‌ത കനത്ത മഴ പഞ്ചാബിലും ഹരിയാനയിലും പുതുതായി നട്ട വിളകള്‍ക്ക് നാശമുണ്ടാക്കുകയും നിരവധി കര്‍ഷകര്‍ക്ക് വീണ്ടും കൃഷി ചെയ്യേണ്ടി വരികയും ചെയ്‌തു. നെല്‍കൃഷി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാല്‍ തൈകള്‍ പറിച്ചുനടാന്‍ കഴിയുന്നില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ 25 ശതമാനവും ബസ്മതി ഇതര വെള്ള അരിയാണ്. ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധനം രാജ്യത്ത് അരി വില കുറയാന്‍ ഇടയാക്കും.

നിരോധനം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും?

ആഗോള അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. അതിനാല്‍ ഈ തീരുമാനം ‘അരി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളെ കാര്യമായി ബാധിക്കും’, ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ ഗ്രോ ഇൻ്റെലിജന്‍സ് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സിറിയ, പാകിസ്ഥാന്‍ എന്നിവയാണ് നിരോധനം ബാധിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങള്‍. ഈ രാജ്യങ്ങളിൽ ഇതിനകം തന്നെ ഉയര്‍ന്ന ഭക്ഷ്യ- വിലക്കയറ്റമാണുള്ളത്. ബെനിന്‍, സെനഗല്‍, ഐവറി കോസ്റ്റ്, ടോഗോ, ഗിനിയ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്ന പ്രമുഖ രാജ്യങ്ങൾ.

0Shares