കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവും; ബി.ജെ.പി നേതാക്കള്‍ക്ക് സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് പരിതാപകരം; സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക് പറയുന്നു

  • Post category:business / news
  • Reading time:1 min read
You are currently viewing കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവും; ബി.ജെ.പി നേതാക്കള്‍ക്ക് സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് പരിതാപകരം; സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക് പറയുന്നു

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് പിന്നിൽ വൻകിട കമ്പനികളുടെ സമ്മർദവും താൽപര്യവുമാണെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക്. ഭരണകക്ഷിയായ ബി.ജെ.പിയിലെ ഭൂരിപക്ഷം നേതാക്കളും ആർ.എസ്എസ് കൂടാരത്തിൽ നിന്നുള്ളവരാണെന്നും അവർക്ക് സാമ്പത്തിക മേഖലയെക്കുറിച്ചുള്ള അറിവ് പരിതാപകരമാണെന്നും പട്‌നായിക് പറഞ്ഞു.

രണ്ട് ഉറവിടങ്ങളിൽ നിന്നാണ് ഇവർക്ക് വിവരങ്ങൾ ലഭിക്കുന്നത്. സാമ്പത്തികമായി സഹായിക്കുന്ന വൻകിട കമ്പനികളിൽനിന്നും വികസിത രാജ്യങ്ങളിലെ സാമ്പത്തിക സഥാപനങ്ങളായ ഐ.എം.എഫ്, ലോക ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ്. ജി.എസ്.ടി കൊണ്ടുവന്നത് ഈ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഇതുവരെ കൈവരിച്ചിട്ടുള്ള ഭക്ഷ്യ സ്വയംപര്യാപ്തത അട്ടിമറിക്കുന്നതിലേക്കാണ് ഈ നടപടികൾ വഴിയൊരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദ ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് പ്രഭാത് പട്‌നായിക്ക് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമായും രണ്ട് പ്രശ്‌നങ്ങളാണ് കാർഷിക നിയമങ്ങൾക്കുള്ളത്. താങ്ങുവിലയുടെ അഭാവത്തിൽ കോർപറേറ്റുകൾക്ക് മേൽക്കൈ നൽകുന്ന നിയമങ്ങളാണിത്. രാജ്യത്തിന്‍റെ ഭക്ഷ്യ സ്വയംപര്യാപ്തത തകർക്കുന്ന നീക്കമാണിത്. വികസിത രാജ്യങ്ങളിലെ കൂടുതൽ പണമുള്ള ഉപഭോക്താക്കൾക്ക് ആവശ്യമായ വിളകൾ കൃഷി ചെയ്യാൻ ഇന്ത്യയിലെ കർഷകർ നിർബ്ബന്ധിതരാവും.

വികസിത രാജ്യങ്ങൾക്കാവശ്യമായ പല വിളകളും സവിശേഷമായ കാലാവസ്ഥ കാരണം അവിടങ്ങളിൽ കൃഷി ചെയ്യാനാവില്ല. ഈ വിളകൾ കൂടുതലായി കൃഷി ചെയ്യാൻ കോർപറേറ്റുകൾ നമ്മുടെ കർഷകരെ നിർബ്ബന്ധിക്കും. ഇതോടെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ പഴങ്കഥയാവും.

ഭക്ഷ്യ സംഭരണ സംവിധാനങ്ങൾ സ്വതന്ത്ര വിപണിക്ക് വിട്ടുകൊടുക്കണമെന്നതാണ് വികസിത രാജ്യങ്ങളുടെ ദീർഘനാളായുള്ള ആവശ്യം. ഇന്ത്യ ഇതുവരെ ഇതിനെ ചെറുക്കുകയായിരുന്നു. ലോക വ്യാപാര സംഘടനയുടെ ദോഹ ചർച്ചകൾ സ്തംഭിച്ചത് ഇതുകൊണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മോദി സർക്കാർ പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ സമ്മർദ്ദത്തിന് കീഴടങ്ങുകയാണെന്നും പട്‌നായിക്ക് കൂട്ടിചേർത്തു.

0Shares