
വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ കാളിദാസ് ജയറാം. വളരെ വേദനയോടെയാണ് കാളിദാസ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്‍റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’
വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് പറഞ്ഞു. ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.
വിസ്മയയുടെ അടുത്ത സുഹൃത്തായ അരുണിമയാണ് ഈ കത്തിനെപ്പറ്റി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. കോളജിൽ പ്രണയദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പങ്കുവച്ചത്. അന്ന് ആ കത്ത് സുഹൃത്ത് ഫെയ്സ്ബുക്കിൽ പങ്കുവച്ചെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. വിസ്മയ ഓർമ്മയായപ്പോൾ വീണ്ടും സുഹൃത്ത് തന്‍റെ പ്രിയകൂട്ടികാരിയുടെ ആ പ്രണയ ലേഖനം സോഷ്യൽ മീഡിയിൽ പങ്കുവച്ചപ്പോൾ അത് കാളിദാസ് ജയറാമിന്‍റെ അടുത്തെത്തി.

കാളിദാസന്‍റെ വാക്കുകൾ:
‘ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സ്ത്രീധനത്തിന്‍റെ അപകടത്തെക്കുറിച്ചും അതു ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ ആളുകൾ ഇപ്പോഴും ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമാണ്.
സമാനമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇനിയും എത്ര പേരുകൾ ചേർക്കേണ്ടിവരുമെന്നതിനെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നു. വിഷലിപ്തമായ ഒരു സ്ഥലത്ത് നിന്ന് പുറത്തുകടക്കുന്നത് ഒരിക്കലും സ്വാഗതാർഹമല്ലാത്തത് എന്തുകൊണ്ടാണ്, അതിലൂടെ കടന്നുപോകുന്നവരുടെ മേൽ സാമൂഹ്യ കളങ്കം എല്ലായ്പ്പോഴും അടിച്ചേൽപ്പിക്കുന്നത് എന്തുകൊണ്ടാണ്? ’
‘ആചാരമായി സ്ത്രീധനം ആവശ്യപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ അതിൽ നിശബ്ദത പാലിക്കുകയോ ചെയ്യുന്നത് എത്രമാത്രം അനീതിപരവും ഭയാനകവുമാണെന്ന് അംഗീകരിക്കാൻ പരിണാമം പ്രാപിച്ച ഒരു സമൂഹമെന്ന നിലയിൽ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല. നിലവിലുള്ള നിയമങ്ങളിൽ കർശനമായ ഭേദഗതികൾ വരുത്തുമെന്നും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമുക്ക് നമ്മുടെ പെൺകുട്ടികളെ മുന്നോട്ട് കൊണ്ടുവരണം. – കാളിദാസ് പറഞ്ഞു.
