കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു; മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതൻ

  • Post category:health / obitury
  • Reading time:1 min read
You are currently viewing കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഷേഖ് സാലിഹ് അൽ ഷൈബി അന്തരിച്ചു; മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച പണ്ഡിതൻ

മക്ക: കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷേഖ് സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി (74) അന്തരിച്ചു. വെള്ളിയാഴ്‌ച മക്കയിലായിരുന്നു അന്ത്യം. യൂണിവേഴ്‌സിറ്റി പ്രൊഫസറായി വിരമിച്ച അദ്ദേഹം മതവും ചരിത്രവും സംബന്ധിച്ച് ഒട്ടേറെ പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കഅബയുടെ 109-മത്തെ സംരക്ഷകനായിരുന്നു സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ഷൈബി.

പാരമ്പര്യമായി കൈമാറി കിട്ടിയതാണ്​ വിശുദ്ധ ഗേഹത്തിൻ്റെ താക്കോൽ സൂക്ഷിപ്പ്​ ചുമതല. ഇസ്ലാമിക കാലഘട്ടം മുതല്‍ ഷൈബിയുടെ കുടുംബത്തിനാണ് കഅബയുടെ കാവല്‍ക്കാരുടെ ചുമതല നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന ആള്‍ക്കാണ് സാധാരണ ചുമതല നല്‍കിവരുന്നത്. കഅബയുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും പ്രധാന കാർമികരിൽ ഒരാളായിരുന്നു അല്‍ ഷൈബി.

ശനിയാഴ്​ച പുലർച്ചെ സുബഹി നമസ്​കാരത്തോട്​ അനുബന്ധിച്ച്​ മക്ക മസ്​ജിദുൽ ഹറാമിൽ മയ്യിത്ത്​ നമസ്​കരിക്കുകയും മക്കയിലെ അൽ മുഅല്ല മഖ്​ബറയിൽ ഖബറടക്കുകയും ചെയ്​തു.

മക്കയിൽ ജനിച്ച ഷേഖ്​ സാലിഹ് ഇസ്​ലാമിക പഠനത്തിൽ ഗവേഷണ ബിരുദം നേടി. മക്കയിൽ സർവകലാശാല പ്രൊഫസറായി സേവനം അനുഷ്​ഠിച്ചു. മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്​.

പ്രവാചക​ൻ്റെ മക്ക വിജയത്തിന്​ ശേഷമാണ് അൽ ഷൈബി കുടുംബത്തിന് കഅബയുടെ കാവൽ ചുമതല ലഭിച്ചത്. കഅബയുടെ ശുചീകരണവും അറ്റകുറ്റപ്പണികൾ തീർക്കലും തുടങ്ങി മുഴുവൻ പരിചരണ ചുമതലയും അൽ ഷൈബി കുടുംബത്തിനാണ്​.

0Shares