ഹൃദയം മാറ്റിവച്ചു; സെല്‍വിന്‍റെ അവയവങ്ങൾ ഇനി മറ്റു മനുഷ്യ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കും; തുടിക്കുന്ന ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ എത്തിയത് അതിവേഗം

You are currently viewing ഹൃദയം മാറ്റിവച്ചു; സെല്‍വിന്‍റെ അവയവങ്ങൾ ഇനി മറ്റു മനുഷ്യ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കും; തുടിക്കുന്ന ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ എത്തിയത് അതിവേഗം

കൊച്ചി: മസ്‌തിഷ്‌കാഘാതം സംഭവിച്ച സെൽവിൻ്റെ ഹൃദയം പതിനുകാരനായ ഹരി നാരായണന്‌ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചു. ചികിത്സ പൂർണവിജയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയവുമായി ഹെലികോപ്റ്റര്‍ അതിവേഗമാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരന്‍ ഹരിനാരായണന് വേണ്ടിയാണ് ഹൃദയം എത്തിച്ചത്. സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത് അവശ്യ ഘട്ടങ്ങളിൽ ഉപയോഗിച്ചുവരുന്ന ഹെലികോപ്റ്ററിലാണ് അവയവങ്ങള്‍ കൊച്ചിയിലെത്തിച്ചത്.

മസ്‌തിഷ്‌ക മരണം സംഭവിച്ച സെൽവിൻ ശേഖറിൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയത്തിന് പുറമെ, ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തിച്ച അവയവങ്ങള്‍ റോഡ് മാര്‍ഗം അതാത് ആശുപത്രികളിലേക്ക് കൊണ്ടുപോയി. ശസ്ത്രക്രിയ ലിസി ആശുപത്രിയില്‍ പൂര്‍ത്തിയാക്കി.

കന്യാകുമാരി വിളവിന്‍കോട് സ്വദേശിയായ സ്റ്റാഫ് നഴ്‌സ് സെല്‍വിന്‍റെ അവയവങ്ങളാണ് ഇനി മറ്റു മനുഷ്യ ശരീരങ്ങളില്‍ പ്രവര്‍ത്തിക്കുക. സെല്‍വിന്‍റെ ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ നവംബര്‍ 24ന് മസ്‌തിഷ്‌ക മരണമടയുകയായിരുന്നു. ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ കിംസ് ആശുപത്രിയിൽ ആരംഭിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചിരുന്നു. കെ.സോട്ടോ പദ്ധതി (മൃതസഞ്ജീവനി) വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായി അവയവം എത്തിക്കുന്നതിന് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിരുന്നുവെന്നും മന്ത്രി അറിയിച്ചു.

0Shares