
ചൈനയിലെ ആനവളർത്തൽ കേന്ദ്രത്തിൽ നിന്നും പുറത്തുവിട്ട ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്. ദിവസങ്ങൾ പിന്നിട്ട ഈ നടത്തത്തിന്‍റെ ലക്ഷ്യം എങ്ങോട്ടെന്ന് ആർക്കുമൊരു പിടിയുമില്ല. 15 അംഗങ്ങളുള്ള ആനക്കൂട്ടം, ആനവളർത്തൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിട്ടു.
ഇതുവരെ 500 കിലോമീറ്റർ ആനക്കൂട്ടം പിന്നിട്ടു കഴിഞ്ഞു. കാടും മലയും കടന്ന് റോഡിലൂടെ നടക്കാൻ തുടങ്ങിയതോടെ കണ്ണിൽ കണ്ടതൊക്കെ ആനക്കൂട്ടങ്ങൾ നശിപ്പിച്ചു തുടങ്ങി. നടത്തത്തിൽ 10 ലക്ഷം ഡോളറിന്‍റെ നാശനഷ്ടമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നടത്തം തുടങ്ങിയതു മുതൽ ആനക്കൂട്ടത്തെ അധികൃതർ നിരീക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ യുനാൻ പ്രവിശ്യയിലെ പുയെ നഗരത്തിലെ സംരക്ഷണ കേന്ദ്രത്തിൽ നിന്നുമാണ് ആനക്കൂട്ടം പലായനം ചെയ്തു തുടങ്ങിയത്. ആനക്കൂട്ടത്തിന്‍റെ ചില ചിത്രങ്ങൾ അധികൃതർ മുൻപും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ അവശരായി കിടന്നുറങ്ങുന്ന സംഘത്തിന്‍റെ ചിത്രങ്ങളാണ് ഏറ്റവും പുതിയതായി പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം വൈറലായി മാറി.
ചൈനയിലെ കുമിംഗ് കാടിനുള്ളിലാണ് ഇപ്പോൾ ആനക്കൂട്ടം ഉള്ളത്. കുട്ടികളെ സമീപത്ത് കിടത്തി ഉറങ്ങുന്ന ആനകളുടെ ഡ്രോൺ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചൈനയിലെ ടെലിവിഷൻ ചാനലുകൾ ആനകളുടെ ഈ സഞ്ചാരം ട്രാക്ക് ചെയ്യുന്നുണ്ട്. അളുകളോട് ഇതനുസരിച്ച് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
