
2022 ഫിഫ ലോകകപ്പിൻ്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന നെതര്‍ലന്‍ഡിനു വേണ്ടി കളത്തിലിറങ്ങുന്ന ഡാലി ബ്ലൈന്‍ഡ് രണ്ടുതവണ മൈതാനത്തു ഹൃദയാഘാതത്തെ അതിജീവിച്ച താരം.
തൻ്റെ 99-ാമത്തെ അന്താരാഷ്ട്ര മത്സരത്തിനായി ഇറങ്ങുമ്പോള്‍ ഡച്ച് നിരയില്‍ ഉറച്ച പ്രതിരോധ താരമാണ് ഡാലി ബ്ലൈന്‍ഡ്. 2019ലാണ് ബ്ലൈന്‍ഡിന് രണ്ടുതവണ മൈതാനത്തു ഹൃദയാഘാതമുണ്ടായത്. ഇതേത്തുടര്‍ന്ന് വിദഗ്ദ ചികിത്സയിലൂടെ ജീവന്‍ രക്ഷപെട്ട ബ്ലൈന്‍ഡ് പിന്നീട് നെഞ്ചില്‍ ഇംപ്ലാണ്ട് ചെയ്യാവുന്ന കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെയാണ് ജീവിതത്തില്‍ മുന്നോട്ടു പോകുന്നത്.
ഇപ്പോള്‍ സാധാരണ ജീവിതം നയിക്കാനാകുന്നതും ഫുട്ബോള്‍ കളിക്കാന്‍ സാധിക്കുന്നതുമെല്ലാം ഈ ഉപകരണത്തിന്‍റെ സഹായത്താലാണെന്നും ബ്ലൈന്‍ഡ് പറയുന്നു. ഈ ഉപകരണം ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുകയും ഹൃദയസ്തംഭന സമയത്ത് ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന ഷോക്ക് നല്‍കുകയും ചെയ്യുന്നു.

മൈതാനത്ത് രണ്ട് ഹൃദയസ്തംഭനം ഉണ്ടായിട്ടും ബ്ലൈന്‍ഡ് ഇപ്പോഴും കളിക്കുന്നത് ഡിഫ്രിബിലേറ്ററിന്‍റെ സഹായത്തോടെയാണ്. 2019ല്‍, ഒരു ചാമ്പ്യാന്‍സ് ലീഗ് മത്സരത്തിനിടെയാണ് ഹൃദയാഘാതമുണ്ടായി ബ്ലൈന്‍ഡ് കളിക്കളത്തില്‍ കുഴഞ്ഞുവീണത്. അന്ന് സ്ട്രെച്ചറില്‍ മൈതനാത്തു നിന്ന് പുറത്തേക്ക് പോയ ബ്ലൈന്‍ഡ് കളിക്കളത്തിലേക്ക് തിരികെയെത്തുമെന്ന് ആരും കരുതിയിരുന്നില്ല.
“അന്ന് എല്ലാവരും എന്നെ ഭയത്തോടെ നോക്കുന്നത് നിങ്ങള്‍ കണ്ടു. എപ്പോഴും എന്നില്‍ തങ്ങിനില്‍ക്കുന്ന എന്തോ ഒന്ന് എൻ്റെ അച്ഛന്‍ പകര്‍ന്നു തന്നിട്ടുള്ള ധൈര്യമായിരുന്നു. അതുകൊണ്ടു തന്നെ ജീവിതത്തില്‍ തോല്‍വി വഴങ്ങാന്‍ എനിക്കായില്ല, അന്ന് അച്ഛന്‍ ഒപ്പം നിന്നത് കൊണ്ടാണ് ചികിത്സയിലൂടെ അതിജീവനം കണ്ടെത്താന്‍ സാധിച്ചത്,” ‘നെവര്‍ എഗെയ്ന്‍ സ്റ്റാന്‍ഡിംഗ് സ്റ്റില്‍’ എന്ന ഡോക്യുമെണ്ടറിയില്‍ ബ്ലൈന്‍ഡ് പറഞ്ഞു.
ഡിഫിബ്രിലേറ്റര്‍ കിട്ടിയതിന് ശേഷം, ഐസിഡി ഓഫായതിനാല്‍ ഒരുതവണകൂടി ബ്ലൈന്‍ഡ് മൈതാനത്ത് കുഴഞ്ഞുവീണു. ഈ ഘട്ടത്തില്‍ അദ്ദേഹം മരണത്തെ മുഖാമുഖം കണ്ടതാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ബ്ലൈന്‍ഡ് കളിക്കളത്തിലേക്ക് തിരികെയെത്തി.
“ഇത് എല്ലാ ദിവസവും എന്നോടൊപ്പം ഉണ്ടാകും. ഇതിനൊപ്പമാണ് ഞാന്‍ എന്നും രാവിലെ ഉറക്കം എഴുന്നേല്‍ക്കുന്നത്, ജോലിക്ക് പോകുന്നതും ഫുട്ബോള്‍ കളിക്കുന്നതും ഓടുന്നതും അങ്ങനെ ജീവിതത്തില്‍ എന്തൊക്കെ ചെയ്യുമ്പോഴും ഈ ഡിഫ്രിബിലേറ്റര്‍ എനിക്കൊപ്പമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഇങ്ങനെയൊരു ഉപകരണം ശരീരത്തിനുള്ളില്‍ ഉണ്ടെന്ന കാര്യം പോലും വിസ്മരിച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ സാധിക്കുന്നത്” അദ്ദേഹം പറഞ്ഞു.
“ഞാനിപ്പോള്‍ ശാരീരികമായി വളരെ ഫിറ്റാണെന്ന് തോന്നുന്നു, ഒരു സാധാരണ വ്യക്തിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ കഴിയും. ഇടയ്ക്കിടെ, ഞാന്‍ പരിശോധനകള്‍ക്കായി പോകും, ഇപ്പോഴും ഡിഫ്രിബിലേറ്റര്‍ ഉള്ളതിനാല്‍ ജീവിതത്തിലും കളിക്കളത്തിലും പരമാവധി പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കും,” ബ്ലൈന്‍ഡ് കൂട്ടിച്ചേര്‍ത്തു.
