
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
ആദ്യ ഘട്ടത്തിൽ 102 ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട് ,രാജസ്ഥാൻ, ഛത്തീസ്ഘട്ട്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലും മൂന്നാമത്തെ ഘട്ടത്തിൽ 94 മണ്ഡലങ്ങളിലും നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ 49 മണ്ഡലങ്ങളിലും ആറാം ഘട്ടത്തിൽ 57 മണ്ഡലങ്ങളിലും ഏഴാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.

ആന്ധ്രാ പ്രദേശ് (മെയ് 13), സിക്കിം (ഏപ്രിൽ 19 ), ഒറീസ (മെയ് 13), അരുണാചല്‍ പ്രദേശ് (ഏപ്രിൽ 19) എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. 96.8 കോടി വോട്ടര്‍മാരാണ് രാജ്യത്തൊട്ടാകെ ഉള്ളത്. 1.82 കോടി പുതിയ വോട്ടര്‍മാര്‍ ഇക്കുറി തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകും.
49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി വനിതാ വോട്ടര്‍മാരും ഇക്കുറി ജനവിധി രേഖപ്പെടുത്തും. ഒന്നരകോടി പോളിംഗ് ഉദ്യോഗസ്ഥരും പത്ത് ലക്ഷം വോട്ടിങ് സ്റ്റേഷനുകളും സജ്ജമാക്കും. 19.74 കോടി യുവവോട്ടര്‍മാര്‍ ഇത്തവണയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
