
തിരുവനന്തപുരം: പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഒരേസമയം 20 പ്രവൃത്തികള്‍ എന്ന നിയന്ത്രണത്തില്‍ നിന്ന് പിന്മാറി കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ മാത്രം 50 പ്രവൃത്തികള്‍ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. കേരള സര്‍ക്കാര്‍ നിരന്തം ആവശ്യപ്പെട്ടതിന്‍റെ ഭാഗമായാണ് ഇളവ്.
നിയന്ത്രണ തീരുമാനം വന്നയുടന്‍ അന്നത്തെ തദ്ദേശമന്ത്രി എം.വി ഗോവിന്ദന്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ചുമതലയേറ്റെടുത്തത് മുതല്‍ മന്ത്രി എം.ബി രാജേഷും സജീവമായി ഇടപെട്ടു. മുന്‍ തീരുമാനം തിരുത്തിയെങ്കിലും ഒരേസമയം 50 പ്രവൃത്തികള്‍ എന്ന നിബന്ധനയും ഉചിതമല്ലെന്ന് മന്ത്രി പറഞ്ഞു.

ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരുവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്കുതന്നെ എതിരായിരുന്നു കേന്ദ്രത്തിന്‍റെ നിബന്ധന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടനയല്ല കേരളത്തിലേത്. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമപഞ്ചായത്തിന്‍റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാര്‍ഡില്‍ മാത്രമുണ്ട്.
ഇത്തരം 13 മുതല്‍ 23 വരെ വാര്‍ഡുകള്‍ ഉള്ളവയാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍. ഒരേസമയം ഒരു വാര്‍ഡില്‍ തന്നെ ഏറെ പ്രവൃത്തികള്‍ നടത്തിയാണ് തൊഴിലാളികളുടെ തൊഴില്‍ ഡിമാന്‍ഡ് കേരളം നിര്‍വഹിക്കുന്നത്. അതിനാല്‍ പല വാര്‍ഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതി വന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
