
കാസർകോട്: തങ്ങളുടെ പറമ്പിലെ കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. കാസർകോട് ജില്ലയിലെ സുബ്ബയ്യക്കട്ട മജിലാറിലെ നാരായണന്‍ (50), സഹോദരന്‍ ശങ്കരന്‍ (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.

കിണറിൽ വീണ പശുക്കിടാവിനെ രക്ഷിക്കാനായി ആദ്യം നാരായണനായിരുന്നു കിണറ്റില്‍ ഇറങ്ങിയത്. എന്നാൽ നാരായണന്‍ അവശനിലയിലായത് കണ്ട് സഹോദരന്‍ ശങ്കരനും പിന്നാലെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. തുടർന്ന് ഇയാളും അവശനാകുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടാകാത്തിരുന്നതിനെ തുടർന്ന് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് ഇരുവരേയും പുറത്തെത്തിച്ചത്.
പക്ഷെ അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പരേതനായ ഐത്ത-ഭാഗി ദമ്പതികളുടെ മക്കളാണ്. കലാവതിയാണ് നാരായണന്‍റെ ഭാര്യ. ശങ്കരന്‍റെ ഭാര്യ: ഭാരതി. ഇരുവർക്കും മക്കളില്ല. മാധവന്‍ സഹോദരനാണ്.
