സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകൻ്റെത്, ബന്ധുക്കൾ തിരിച്ചറിഞ്ഞു

You are currently viewing സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ അധ്യാപകൻ്റെത്, ബന്ധുക്കൾ തിരിച്ചറിഞ്ഞു

ബദിയടുക്ക / കാസർകോട്: സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കിണറ്റില്‍ തിങ്കളാഴ്‌ച രാവിലെ കണ്ടെത്തിയ മൃതദേഹം മാന്യയില്‍ നിന്ന് കാണാതായ അധ്യാപകൻ്റെത് ആണെന്ന് തിരിച്ചറിഞ്ഞു. മാന്യ ജ്ഞാനോദയ എയ്‌ഡഡ്‌ സീനിയര്‍ ബേസിക് സ്‌കൂള്‍ അധ്യാപകനും മട്ടന്നൂര്‍ വെള്ളിയാംപറമ്പ് സ്വദേശിയുമായ ടി.വി പ്രദീപ് കുമാര്‍ (51) ആണ് മരിച്ചത്. കെ.പി.എസ്.ടി എ നേതാവ് കൂടിയായ പ്രദീപ് മാന്യയിലാണ് താമസിക്കുന്നത്.

ഈ മാസം 22ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിന് ഇടെയാണ് കാസര്‍കോട് അശ്വിനി നഗറിലെ മല്ല്യ സിറ്റി ആശുപത്രിക്ക് സമീപത്തുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്‌ച രാവിലെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ കെ.വി ചന്ദ്രൻ്റെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്‌സും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.

ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് കാണാതായ പ്രദീപനാണ് മരിച്ചതെന്ന് വ്യക്തമായത്.
അധ്യാപികയായ രമ്യ കരിവെള്ളൂര്‍ ഭാര്യയാണ്. വിദ്യാര്‍ത്ഥിനിയായ ദേവനന്ദ മകള്‍. പരേതനായ അമ്പു നായര്‍- സരോജിനി ദമ്പതികളുടെ മകനാണ്. ഹരീന്ദ്രന്‍, സന്തോഷ്, ഷീല, ശാന്ത എന്നിവർ സഹോദരങ്ങളാണ്.

0Shares