Categories
എൻഡോസൾഫാൻ ദുരന്തം പോലെ അനാഥ പ്രതിമ; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പണിപൂർത്തിയായില്ല, ശാപമോക്ഷം തേടി അമ്മയും കുഞ്ഞുങ്ങളും
കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും ശിൽപം ശാപമോക്ഷം തേടുന്നു.
Trending News





കാസർകോട്: എൻഡോസൾഫാൻ ദുരന്ത സ്മാരകമായി ദുരിതബാധിതയായ അർധനഗ്ന രൂപത്തിലുള്ള അമ്മയും കുഞ്ഞും എന്ന പ്രതിമ നിർമാണമാണ് പാതിവഴിയിലായി നോക്കുകുത്തിയാകുന്നത്. അധികാരികളെയും ജനങ്ങളെയും ഉണർത്താൻ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ നിർമിക്കുന്ന വിപ്ലവാത്മക ശിൽപമാണ് ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും പൂർത്തിയാകാത്തത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതീകമായി കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ പുൽത്തകിടിയിലാണ് അമ്മയും കുഞ്ഞുങ്ങളും എന്ന ശിൽപം ശാപമോക്ഷം തേടുന്നത്.
Also Read

വർഷങ്ങളായി മുടങ്ങിക്കിടന്ന ശിൽപത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ കാനായി കുഞ്ഞിരാമൻ 2019ൽ നേരിട്ടെത്തിയിരുന്നു. കാസർകോട്ട് ക്യാമ്പ് ചെയ്ത് മൂന്നുമാസത്തിനകം ശിൽപത്തിൻ്റെ നിർമ്മാണം തീർക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. അപ്പോഴേക്കും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർമാണം വീണ്ടും പാതിവഴിയിലായി. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പോയി കാനായിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഉടൻ പൂർത്തിയാക്കാമെന്നും ശാരീരികമായ അവശത ഉണ്ടെന്നും കാനായി വ്യക്തമാക്കിയിരുന്നു. പ്രതിമ ഇനിയെന്ന് പൂർത്തിയാക്കാനാകുമെന്ന് പറയാനാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞമാസം നിർമാണം പുനരാരംഭിക്കാമെന്ന് ഉറപ്പുനല്കിയിരുന്നതായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ചാനൽ ആർ.ബിയോട് പറഞ്ഞു. ശില്പിയും അനുയായികളും എത്രയും പെട്ടെന്ന് കാസർകോട്ട് എത്തിച്ചേർന്ന് പണിതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ബേബി ബാലകൃഷ്ണൻ പറഞ്ഞു.

എം.വി ബാലകൃഷ്ണൻ പ്രസിഡൻ്റായിരുന്ന കാസർകോട് ജില്ലാ പഞ്ചായത്താണ് 2006 ൽ 20 ലക്ഷം രൂപ ചെലവിൽ കാനായിയുടെ കരവിരുതിൽ ശിൽപം ഒരുക്കാൻ തീരുമാനമെടുത്തത്. 2006 സെപ്റ്റംബർ ഒന്നിന് പദ്ധതിക്ക് ഡി.പി.സി അംഗീകാരം നൽകി. നിർമാണ ചുമതല ശിൽപി കാനായി കുഞ്ഞിരാമനെ ഏൽപ്പിക്കുകയും ചെയ്തു. 20 ലക്ഷം രൂപയായിരുന്നു നിർമാണത്തിനായി നീക്കിവെച്ചത്. അന്ന് ഭരണപക്ഷത്തുണ്ടായിരുന്ന ഐ.എൻ.എല്ലിൽ ഒരു വിഭാഗം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൽ ചേർന്നതിനെ തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെടുകയും അന്നത്തെ ഭരണസമിതി രാജിവെക്കുകയും ചെയ്തതോടെ ശിൽപ നിർമാണവും നിലക്കുകയായിരുന്നു. തുടർന്ന് ചുരുങ്ങിയ കാലയളവിൽ മുസ്ലീം ലീഗിലെ പി.ബി അബ്ദുൽറസാഖ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായെങ്കിലും നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. ഭരണതലത്തിലെ കുടിപ്പകപോരും കലാകാരന്മാരോടുള്ള അവഗണനയുമാണ് കാസർകോട്ടെ മഹാശില്പമായി മാറേണ്ടിയിരുന്ന അമ്മയും കുഞ്ഞും അനാഥമായി നിലകൊള്ളുന്നത്.

2010ൽ സി.പി.എമ്മിലെ അഡ്വ. പി.ശ്യാമളാദേവി പ്രസിഡൻ്റായെങ്കിലും നിർമാണ പ്രവർത്തനം മുടങ്ങിത്തന്നെ കിടന്നു. 27 ലക്ഷം രൂപയാണ് ശിൽപ നിർമാണത്തിനായി ഇതുവരെയായി ചെലവഴിച്ചത്. ശിൽപ നിർമാണം തുടങ്ങിയശേഷം ഇത് നാലാമത്തെ ഭരണസമിതിയാണ് ജില്ലാ പഞ്ചായത്തിൻ്റെ ഭരണം കൈയാളുന്നത്. 2009ൽ നിർമാണം നിലച്ച ശിൽപ സമുച്ചയത്തിനാണ് നീണ്ട പത്തുവർഷത്തിന് ശേഷം 2019ൽ വീണ്ടും ജീവൻ വെച്ചത്. എന്നാൽ ഒരു മാസത്തിന് ശേഷം ഈ നിർമാണവും നിലച്ചതോടെ പ്രതിമ ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ജില്ലാ പഞ്ചായത്ത് ഭരണകൂടത്തിൻ്റെ പോരായ്മയായിട്ടാണ് ആളുകൾ ഇതിനെ കാലങ്ങളായി വിലയിരുത്തുന്നത്.

Sorry, there was a YouTube error.