തെരഞ്ഞെടുപ്പ് ജയിച്ചാല്‍ സൗജന്യ വാക്‌സിന്‍; കൊവിഡ് വാക്‌സിനിലും രാഷ്ട്രീയം കളിച്ച് ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പ് ജയിച്ചാല്‍ സൗജന്യ വാക്‌സിന്‍; കൊവിഡ് വാക്‌സിനിലും രാഷ്ട്രീയം കളിച്ച് ബി.ജെ.പി

കൊവിഡ് വാക്‌സിനെ രാഷ്ട്രീയായുധമാക്കി ബീഹാറില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ബീഹാറിലെ യുവജനങ്ങള്‍ക്ക് 19 ലക്ഷം പുതിയ ജോലികളും ബി.ജെ.പിയുടെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

2022 ഓടെ 3 ലക്ഷം പുതിയ അധ്യാപകരെയും ദരിദ്രര്‍ക്ക് 30 ലക്ഷം വീടുകളും ആരോഗ്യമേഖലയില്‍ ഒരു ലക്ഷം ജോലികളെയും സൃഷ്ടിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്. ”കൊറോണ വൈറസ് വാക്‌സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിനേഷന്‍ ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ സൂചിപ്പിച്ച ആദ്യത്തെ വാഗ്ദാനമാണിത്, പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്‍.ഡി.എ ഭരണത്തിന്‍ കീഴില്‍ ബീഹാറിലെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കുത്തനെ വര്‍ധനയുണ്ടായതായി നിര്‍മ്മല സീതാരാമന്‍ അവകാശപ്പെട്ടു. ബീഹാറിലെ ജി.ഡി.പി മൂന്ന് ശതമാനത്തില്‍ നിന്ന് 11.3 ശതമാനമായി ഉയര്‍ന്നുവെന്നന്നും അവര്‍ പറഞ്ഞു. ബീഹാറില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

0Shares