കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്

You are currently viewing കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്

കാസർകോട്: കാറ്റിലും മഴയിലും പുതിയ ബസ്റ്റാൻഡ് കോംപ്ലക്‌സ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ജ്വല്ലറിയുടെ കൂറ്റൻ പരസ്യബോർഡ് കടപുഴകി മറിഞ്ഞു വീണു. ഞായറാഴ്‌ച വൈകുന്നേരം 5.45 ഓടെയാണ് കെട്ടിടത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കടക്കുന്നിടത്താണ് അപകടമുണ്ടായത്. സംഭവത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളും ഇ -ടോയ്‌ലറ്റും തകർന്നു. കേബിളുകൾ പൊട്ടിവീണതിനാൽ ഇന്റർനെറ്റ് സംവിധാനങ്ങൾ നിലച്ചു.

ഞായറാഴ്‌ച ആയതിനാൽ യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്. ഫയർഫോഴ്‌സും പോലീസും ഉടൻ സുരക്ഷാ സംവിധാനങ്ങളോരുക്കി. സ്ഥലത്ത് പോലീസ് പിക്കറ്റിങ് ബസും പോലീസുദ്യോഗസ്ഥരും ഉണ്ടായിരുന്നത് ഗതാഗത തടസം ഉടൻ പരിഹരിക്കാൻ സഹായകമായി. അപകടത്തിന് തക്കതായ കാറ്റും മഴയും ഉണ്ടായിട്ടില്ലെന്നും നഗരത്തിൽ പലേടത്തും സ്ഥാപിച്ച കൂറ്റൻ ബോർഡുകൾ അപകട അവസ്ഥയിലാണ് ഉള്ളതെന്നും വ്യാപാരികൾ പറയുന്നു.

സ്വകാര്യ കമ്പനിയാണ് നഗരസഭയുടെ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പരസ്യബോർഡ് സ്ഥാപിച്ചത്. രണ്ടുനില കെട്ടിടത്തിന് മുകളിൽ അശാസ്ത്രീയമായാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് വ്യാപാരികൾ പറയുന്നത്.

കൂറ്റൻ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് നഗരസഭയാണ് അനുമതി നൽകുന്നത്. എന്നാൽ എൻജിനീയറിങ്‌ വിഭാഗം പരിശോധിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഭീമമായ തുകയാണ് വൻകിട കമ്പനികളുടെ പരസ്യം സ്ഥാപിക്കുന്നതിന് നഗരസഭാ നിശ്ചിത കാലത്തേക്ക് വാങ്ങുന്നത്. എന്നാൽ ഇക്കാര്യത്തിൽ ആവശ്യമായ ഉത്തരവാദിത്വബോധം അധികൃതർക്ക് ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Report: Peethambaran Kuttikol

0Shares