ഓട്ടോ റിക്ഷ കത്തി നശിച്ചു; ബാറ്ററിയില്‍ നിന്നാണ് തീയുണ്ടായതെന്ന് പ്രാഥമിക നിഗമനം, വാഹനങ്ങൾക്ക് തീ പിടിക്കുന്നതിന് കാരണം ഇതാണ്

  • Post category:local news / news
  • Reading time:3 mins read
You are currently viewing ഓട്ടോ റിക്ഷ കത്തി നശിച്ചു; ബാറ്ററിയില്‍ നിന്നാണ് തീയുണ്ടായതെന്ന് പ്രാഥമിക നിഗമനം, വാഹനങ്ങൾക്ക് തീ പിടിക്കുന്നതിന് കാരണം ഇതാണ്

കാസർകോട്: ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ റിക്ഷ കത്തി നശിച്ചു. ബദിയടുക്ക, പെര്‍ളയിലെ അനിതയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയാണ് കത്തി നശിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെ കുമ്പള-ബദിയടുക്ക റോഡില്‍ പെട്രോള്‍ പമ്പിന് സമീപത്ത് സ്റ്റിക്കര്‍ ഇടാന്‍ വേണ്ടി നിര്‍ത്തിയിട്ട ഓട്ടോയുടെ ബാറ്ററിയില്‍ നിന്ന് പൊടുന്നനെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. ഓട്ടോ പൂര്‍ണമായും കത്തി നശിച്ചു. സംഭവം പരിഭ്രാന്തി പരത്തി.

വാഹനങ്ങൾക്ക് തീ പിടിക്കുന്നത് എന്തുകൊണ്ട്?

ബാറ്ററികളും ചാർജിംഗ് സർക്യൂട്ടും

പഴയതും തകരാറുള്ളതുമായ ബാറ്ററികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ചാർജിംഗ് സിസ്റ്റത്തിലെ തകരാറുകൾ നിമിത്തം ഓവർ ചാർജാക്കുന്നതും അതുമൂലം ഉത്പാദിപ്പിക്കപ്പെടുന്ന കൂടുതൽ അളവിലുള്ള അതീവ ജ്വലന സാധ്യതയുള്ള ഹൈഡ്രജൻ വാതകവും സ്ഫോടനത്തിന് കാരണമായേക്കാം. ഇടിയുടെ ആഘാതം മൂലവും ബാറ്ററി അഗ്നിബാധക്ക് കാരണമാകാം.

ഫ്യൂവൽ ലീക്കേജ്

കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിൻ്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം. ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന പ്രദേശങ്ങളിലും വനാതിർത്തിയിലും ചില പ്രത്യേക തരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധന ലൈനിൽ വളരെ ചെറിയ ദ്വാരം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ബയോ ഫ്യുവൽ ആയ എഥനോൾ അടങ്ങിയ ഇന്ധനങ്ങൾ ഉയോഗിക്കുന്ന വാഹനങ്ങളിലാണ് ഇത്തരത്തിൽ വണ്ടുകളുടെ ആക്രമണം കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. ചില വാഹനങ്ങളിൽ കാറ്റലിറ്റിക്‌ കൺവെർട്ടർ വാഹനത്തിൻ്റെ മധ്യഭാഗത്തായി താഴെ സ്ഥിതി ചെയ്യുന്നത് കൊണ്ട് ഇത്തരത്തിലുള്ള ചെറിയ സുഷിരങ്ങളിൽ കൂടി വാഹനം ഓടിത്തുടങ്ങുമ്പോൾ സ്പ്രേ രൂപത്തിൽ വരുന്ന ഫ്യുവൽ വളരെ പെട്ടെന്ന് വാഹനം കത്തുന്നതിന് കാരണമാകാറുണ്ട്. സൈലൻസറിൻ്റെയും എക്സ്ഹോസ്റ്റ് സിസ്റ്റത്തിൻ്റെയും പല ഭാഗങ്ങൾ ഏകദേശം 600 മുതൽ 700 °C വരെ ചൂട് പിടിക്കുവാൻ സാധ്യതയുള്ള ഭാഗങ്ങളാണ്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് ഉണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ്.

ഇന്ധന ലീക്കേജ് മാത്രമല്ല എൻജിൻ കമ്പാർട്ട്മെണ്ടിൽ ബ്രേക്ക് സ്റ്റീയറിംഗ് തുടങ്ങിയ സംവിധാനങ്ങളിലുള്ള ഫ്ളൂയിഡും ലീക്ക് ആകാനുള്ള സാധ്യതയുണ്ട്. ഗ്യാസ്‌കറ്റുകൾ, വാഷറുകൾ, റബ്ബർ റിങ്ങുകൾ എന്നിവയിലുണ്ടാകുന്ന പൊട്ടലുകളാണ് ലീക്കേജിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. ഇത്തരം ലീക്കേജുകൾ പെട്ടെന്ന് തീ പിടിത്തത്തിലേക്ക് നയിക്കില്ലെങ്കിലും ഒരിക്കൽ തീ പടർന്നാൽ അത് ഗുരുതരമാകുന്നതിന് കാരണമാകും.

ഗ്യാസ് ലീക്കേജ്

എൽ.പി.ജി മുതലായവ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ലീക്കേജിനുള്ള സാധ്യതകൾ കൂടുതലാണ്. ഗ്യാസ് ആയി കൺവെർട്ട് ചെയ്‌തിട്ടുള്ള പഴയ പെട്രോൾ വാഹനങ്ങളിലും ഗ്യാസ് ലീക്കാണ് പ്രധാന വില്ലൻ. നിരന്തരമായ പരിചരണം ആവശ്യമുള്ളതാണ് ഇത്തരം വാഹനങ്ങൾ. ഈ വാഹനങ്ങളിൽ ഉപയോഗിച്ചിട്ടുള്ള എൽ.പി.ജി കൺവേർഷൻ കിറ്റിലെ സൊലെനോയ്ഡ് വാൽവ്, റെഗുലേറ്റർ/വേപ്പറൈസർ, ഫിൽറ്റർ, ഗ്യാസ് ട്യൂബ്, ടാങ്ക് തുടങ്ങിയ എല്ലാ ഭാഗങ്ങളും വർഷത്തിലൊരിക്കൽ സർവീസ് ചെയ്യണമെന്നും, ഗ്യാസ് ടാങ്ക് അഞ്ചുവർഷം കൂടുമ്പോൾ പ്രഷർ ടെസ്റ്റ് നടത്തുകയും, 15 വർഷം കഴിഞ്ഞാൽ മാറ്റണമെന്നുമാണ് ഗ്യാസ് സിലിണ്ടർ റൂൾസ് പ്രകാരം നിഷ്‌കർഷിച്ചിട്ടുള്ളത്.

അൾട്ടറേഷനുകൾ

55/60 watts ബൾബുകൾ ഘടിപ്പിക്കുന്ന ഹോൾഡറുകളിൽ 100-130 വാട്ട് ഹാലജൻ ബൾബുകൾ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്നവർ അപകടം ക്ഷണിച്ചു വരുത്തുന്നവരാണ്. കുറഞ്ഞ വാട്ടേജുള്ള ബൾബുകൾക്കായി ഡിസൈൻ ചെയ്‌തിട്ടുള്ള കനം കുറഞ്ഞ വയറുകളും പ്ലാസ്റ്റിക് ഹോൾഡറുകളിലുമാണ് പല രാജ്യങ്ങളും നിരാധനം ഏർപ്പെടുത്തിയിട്ടുള്ള 300°C വരെ ചൂടാകാവുന്ന ഇത്തരം ബൾബുകൾ ഘടിപ്പിക്കുന്നത്.

നിയമ വിധേയമല്ലാത്ത സെനോൺ / പ്ലാസ്‌മ എച്ച്.എ.ഡി ബൾബുകളും ബല്ലാസ്റ്റുകളും അധികതാപം സൃഷ്ടിക്കുന്നവയാണ്. കൂടുതൽ വാട്ടേജ് ഉള്ള ഹോണുകളും ലൈറ്റിൻ്റെ ആർഭാടങ്ങളും സ്‌പീക്കറുകളും എല്ലാം അഗ്നിക്ക് കാരണമാകാം. പല വാഹനങ്ങളിലും ഇത്തരം മോഡിഫിക്കേഷനുകൾക്ക് താഴ്ന്ന നിലവാരത്തിലുള്ള കനം കുറഞ്ഞ വയർ ഉപയോഗിക്കുന്നത് വയർ കരിയുന്നതിനും തീപിടിത്തത്തിനും ഇടയാക്കും.

ഫ്യൂസുകൾ

വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിച്ചിട്ടുള്ള ഫ്യൂസുകൾ മാറ്റി കൂടുതൽ കപ്പാസിറ്റിയുള്ള ഉള്ള ഫ്യൂസുകൾ ഘടിപ്പിക്കുന്നതും വയറുകളൊ, കമ്പിയൊ പകരം പിടിപ്പിക്കുന്നതും പ്രത്യേകിച്ച് പഴയ വാഹനങ്ങളിലും മറ്റും, തീപിടിത്ത സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

കൂളിംഗ് സിസ്റ്റത്തിൻ്റെ തകരാർ

ലീക്കേജ് മറ്റ് തകരാർ കൂളിംഗ് സിസ്റ്റത്തിന് തകരാറുകൾ സംഭവിക്കുന്നതും, ലൂബ്രിക്കേഷൻ സിസ്റ്റത്തിൻ്റെ തകരാറുകളും എൻജിൻ്റെ താപനില വർദ്ധിക്കുന്നതിനും അതു മൂലം റബ്ബർ ഭാഗങ്ങൾ ഉരുകി തീപിടിത്തത്തിലേക്ക് നയിക്കാനും ഇടയുണ്ട്.

കാറ്റലിറ്റിക് കൺവർട്ടറുകളും എക്സ്ഹോസ്റ്റ് സിസ്റ്റവും

സാധാരണയായി കാറ്റലിറ്റിക് കൺവെർട്ടറിൻ്റെ താപനില 600°C മുതൽ 750°C വരെയാണ്. എന്നാൽ ക്ലോഗ്ഗിങ് മൂലമൊ സ്‌പാർക്ക് പ്ലഗിൻ്റെ തകരാർ നിമിത്തമൊ ഭാഗിക ജ്വലനം ഇവിടെ വച്ച് നടക്കുന്നതിനാൽ കാറ്റലിറ്റിക് കൺവർട്ടറിൻ്റെ താപനില വളരെ പെട്ടെന്ന് തന്നെ 1000°C മുകളിലേക്ക് ഉയരുന്നതിനും ഇതിനോട് ചേർന്ന് നിൽക്കുന്ന ഫ്ളോർ മാറ്റിലോ വയറുകളിലോ ഇന്ധന കുഴലുകളിലോ അഗ്നിബാധ ഉണ്ടാവാൻ സാധ്യതയുണ്ട്.

എക്സ്ഹോസ്റ്റ് മാനിഫോൾഡിനെ സ്‌പർശിക്കുന്ന രീതിയിലുള്ള ഫ്യുവൽ ലൈനുകളും ഇലക്ട്രിക് ലൈനുകളും ഇന്ധന ലീക്കേജുകളും ശ്രദ്ധിക്കേണ്ടതാണ്.

കൂട്ടിയിടികളും മെക്കാനിക്കൽ തകരാറുകളും

കൂട്ടിയിടികൾ പലപ്പോഴും തീ പിടിത്തത്തിന് കാരണമാകാറുണ്ട്. ഇന്ധന ടാങ്കിലും ബാറ്ററിയിലും ഏൽക്കുന്ന ക്ഷതങ്ങൾ തീപിടിത്തത്തിലേക്ക് നയിച്ചേക്കാം. ടയർ പൊട്ടി റോഡിൽ ഉരഞ്ഞും അപകടം ഉണ്ടാകാം. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റ് പൊട്ടി ഇന്ധന ടാങ്കിൽ ഇടിച്ച് തീ പിടിത്തത്തിന് കാരണമാകാറുണ്ട്.

പാർക്കിംഗ് സ്ഥലവും പരിസരങ്ങളും

ഉണങ്ങിയ പുൽമൈതാനങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ ചൂടുപിടിച്ച സൈലൻസറിൽ തട്ടി അഗ്നിബാധക്ക് കാരണമാകാം. ഏകദേശം 300 വാഹനങ്ങൾ അഗ്നിക്കിരയായ 2019ലെ ബാംഗ്ലൂർ യാലഹങ്കയിലെ ഏയ്റോ ഇൻഡ്യ എയർഷോയിലെ തീ പിടിത്തം ഈ തരത്തിലുള്ള ഒന്നാണെന്നാണ് വിദഗ്‌ധർ കണ്ടെത്തിയത്. ചപ്പുചവറുകളും പ്ലാസ്റ്റിക് പേപ്പറുകളും കൂടി കിടക്കുന്ന ഇടങ്ങളും തീ പിടിത്തത്തിന് സാദ്ധ്യത ഉള്ള സ്ഥലങ്ങളിലും പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം.

തീപ്പെട്ടി / ലൈറ്റർ / സ്‌റ്റൗ എന്നിവ

തീപ്പെട്ടി, ലൈറ്ററുകൾ, കത്തിച്ച് പിടിച്ചു എൻജിൻ കംപാർട്ട്മെണ്ടോ, ഫ്യുവൽ ടാങ്കൊ, ഫ്യുവൽ ലൈനുകളൊ പരിശോധിക്കുന്നതും റിപ്പയർ ചെയ്യാൻ ശ്രമിക്കുന്നതും അപകടത്തിലേക്ക് നയിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും സൈലൻസറിൽ സ്‌പർശിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് ബാഗുകൾ തൂക്കിയിടുന്നതും തീ പിടിത്തത്തിലേക്ക് നയിച്ചേക്കാം. ഓയിലുകളും ഇന്ധനവും മറ്റും ഇത്തരത്തിൽ പ്ലാസ്റ്റിക് ബാഗിൽ തൂക്കിയിട്ട് കൊണ്ടു പോകുന്നതും തീപിടിത്തത്തിൻ്റെ കാരണങ്ങളിൽ പെടുന്നു.

0Shares