വയോധികയെ കഴുത്തറുത്ത് കൊന്ന് പ്രതികൾ രക്ഷപെട്ടു; ആഭരണം പണയം വെച്ച് പണം എടുക്കുമ്പോൾ ഒ.ടി.പി കുടുക്കി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വയോധികയെ കഴുത്തറുത്ത് കൊന്ന് പ്രതികൾ രക്ഷപെട്ടു; ആഭരണം പണയം വെച്ച് പണം എടുക്കുമ്പോൾ ഒ.ടി.പി കുടുക്കി

ഇടുക്കി: അടിമാലിയിൽ വയോധികയുടെ കഴുത്തറുത്ത് കൊന്ന പ്രതികളെ കുടുക്കിയത് സ്വർണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിൽ ഒ.ടി.പിക്കായി നൽകിയ മൊബൈൽ നമ്പർ. മോഷണ മുതൽ പണയം വയ്ക്കാനായി ഇവർ എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നൽകിയ വിവരങ്ങൾ മുഴുവൻ തെറ്റായിരുന്നു. പക്ഷെ, അവിടെ പണം കിട്ടാൻ ഒ.ടി.പി വേണമെന്ന് അറിയിച്ചതോടെ മൊബൈൽ നമ്പർ നൽകി. കേസിൻ്റെ അന്വേഷണത്തിന് ഒടുവിൽ ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്.

അടിമാലി നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിൻ്റെ ഭാര്യ ഫാത്തിമ (70) ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ട് പേരാണ് പിടിയിലായത്. കൊല്ലം കിളികൊല്ലൂർ സ്വദേശി കെ.ജെ അലക്‌സ്, കവിത എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. മോഷണത്തിന് ശേഷം അവിടെ നിന്ന് കടന്നുകളഞ്ഞ ഇവരെ പാലക്കാട് നിന്നാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസമായിരുന്നു ഫാത്തിമയെ ഇവർ കൊലപ്പെടുത്തിയത്. വീട് വാടകയ്ക്ക് എടുക്കാനെന്ന പേരിലായിരുന്നു അലക്‌സും കവിതയും അടിമാലിയിൽ ചെന്നത്. തുടർന്ന് ഫാത്തിമ കാസിമിൻ്റെ വീട്ടിലെത്തിയ പ്രതികള്‍ സ്വർണമാല മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ വയോധികയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൂടാതെ, കൊലപാതകത്തിന് ശേഷം മുറിക്കുള്ളില്‍ മുളക് പൊടി വിതറി തെളിവുകള്‍ നശിപ്പിക്കാനും ഇവർ ശ്രമിച്ചിരുന്നു. മോഷ്‌ടിച്ച സ്വർണ മാല അടിമാലിയിൽ തന്നെ പണയം വച്ച ശേഷമാണ് ഇവർ പാലക്കാടേക്ക് കടന്നത്. സ്ഥാപനത്തിൽ വിവരങ്ങളെല്ലാം തെറ്റായി നൽകിയെങ്കിലും ഒ.ടി.പിക്കായി അവർ അവിടെ കൊടുത്ത മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

പാലക്കാട് നിന്ന് അടിമാലിയിൽ എത്തിച്ച പ്രതികളെ ചോദ്യം ചെയ്‌ത്‌ വരികയാണെന്നും അവർ നേരത്തെ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരാണോ എന്നും സമാനമായ കൃത്യങ്ങൾ ചെയ്‌തിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

0Shares