
ഇടുക്കി: സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്‌പെണ്ട് ചെയ്തു. വാഗമണ്‍ കോട്ടമല എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ ടി.ജി വിനോദിനെ (39) ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്‌പെണ്ട് ചെയ്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ്. ഇതിൻ്റെ അന്വേഷണവും സമ്മര്‍ദ്ദങ്ങളും താങ്ങാനാകാതെ സ്‌കൂള്‍ പ്രധാനധ്യാപകൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏലപ്പാറ സ്വദേശി പി.രാമകൃഷ്ണൻ (54) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നവംബര്‍ 14ന് സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെ ആണ് അധ്യാപകന്‍ മദ്യപിച്ചെത്തിയത്. ഇത് വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു.

ചോദ്യം ചെയ്ത പി.ടി.എ പ്രസിഡണ്ടുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പൊലീസിൻ്റെ എഫ്.ഐ.ആറും നല്‍കിയിട്ടും അധ്യാപകനെതിരെ അധികാരികള്‍ നടപടി എടുക്കാന്‍ വൈകിയത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അധ്യാപകന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ഒരു വിഭാഗവും ശിക്ഷാ നടപടി വേണമെന്ന് മറ്റൊരു വിഭാഗവും പ്രധാനധ്യാപകനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി അദ്ദേഹത്തിൻ്റെ ബന്ധുക്കള്‍ പറഞ്ഞു.
