
ചെന്നൈ: തമിഴ്നാടിനെ രണ്ടായി വിഭജിക്കണമെന്ന് സംസ്ഥാന ബി.ജെ.പി വൈസ് പ്രസിഡന്റും നിയമസഭ കക്ഷി നേതാവുമായ നയിനാര്‍ നാഗേന്ദ്രന് എം.എല്‍.എ. തിരുനെല്‍വേലിയില്‍ ഡി.എം.കെ സര്‍ക്കാറിനെതിരെ സംഘടിപ്പിച്ച നിരാഹാര ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ബി.ജെ.പിയുടെ വിഭജന വാദമുയര്ത്തൽ കലാപ സാധ്യതയ്ക്ക് വഴിയൊരുക്കും.
മൊത്തം 234 നിയമസഭ സീറ്റുകളുടെ എണ്ണവും തുല്യമായി വിഭജിക്കപ്പെടണം. അത്തരമൊരു
സാഹചര്യത്തില്‍ രണ്ടു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അധികാരത്തിൽ ഏറാനാവും. ഇരു
സംസ്ഥാനങ്ങള്‍ക്കും പാണ്ഡ്യനാട്, പല്ലവനാട് എന്നിങ്ങനെ പേരിടണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചാല്‍ ഇത് എളുപ്പത്തില്‍ നടപ്പാക്കാനാവും. ആന്ധ്രപ്രദേശിനെ
വിഭജിച്ച് തെലങ്കാന രൂപവത്കരിക്കപ്പെട്ടതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ക്ക് സ്വയംഭരണാവകാശം അനുവദിക്കാത്തപക്ഷം ‘പ്രത്യേക തമിഴ്നാട്’ എന്ന വിഭജന വാദമുയര്‍ത്താന്‍ ഡി.എം.കെ മടിക്കില്ലെന്ന ഡി.എം.കെ നേതാവ് എ.രാജ എം.പിയുടെ പ്രസംഗം വിവാദമായ സാഹചര്യത്തിലാണ് ബി.ജെ.പി നേതാവ് ഇത്തരമൊരു ആവശ്യമുന്നയിച്ചത്.
