സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുമായി തമിഴ്‌നാടും ഒഡീഷയും ആന്ധ്ര പ്രദേശും

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂളുകൾ  തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുമായി തമിഴ്‌നാടും ഒഡീഷയും ആന്ധ്ര പ്രദേശും

സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയുമായി തമിഴ്‌നാടും ഒഡീഷയും ആന്ധ്ര പ്രദേശും. തമിഴ്‌നാട്ടില്‍ സ്‌കൂളുകളും സിനിമാ ശാലകളും തുറക്കും. മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂളിലെത്താന്‍ ആദ്യഘട്ടത്തില്‍ അനുമതി നകുന്നത്. 9, 10, 11, 12 ക്ലാസുകള്‍, കോളജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നവംബര്‍ 16 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും.

ആരോഗ്യവകുപ്പ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാന്‍. തിയേറ്ററുകള്‍ നവംബര്‍ 10ന് തുറക്കും. ജില്ലാ കളക്ടര്‍മാരുമായും ആരോഗ്യ വിദഗ്ധരുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് സ്‌കൂള്‍ തുറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 50 ശതമാനം കപ്പാസിറ്റിയോടെയാണ് തിയേറ്ററുകള്‍ തുറക്കുക.

നവംബര്‍ 15 ശേഷം സ്‌കൂള്‍ തുറക്കാന്‍ ഒഡീഷ സര്‍ക്കാരും അനുമതി നല്‍കി. ഒമ്പതാം ക്ലാസ് മുതലാണ് ഒഡീഷയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ തുറക്കാന്‍ നവീന്‍ പട്‌നായിക് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ആരെയും നിര്‍ബന്ധിക്കില്ല. ഇക്കാര്യത്തിലുള്ള വ്യക്തമായ തീരുമാനം നവംബറിന് ശേഷം പുറത്തിറക്കും.

നവംബര്‍ 2 മുതല്‍ സ്‌കൂളുകളും കോളജുകളും തുറക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കി. ശക്തമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചുവേണം സ്‌കൂള്‍ തുറക്കാന്‍. എന്നാല്‍ കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല.

0Shares